ടിക് ടോക് ഇന്ത്യയിലേക്ക് തിരികെ വരുന്നു !!
ടിക് ടോക് ഗുഡ്ഗാവ് ഓഫീസിലേക്ക് ലിങ്ക്ഡ്ഇനില്‍ രണ്ട് പുതിയ തൊഴിലവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടു

ടിക് ടോക് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ കമ്ബനി ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്ക് ലിങ്ക്ഡ്ഇനില്‍ രണ്ട് പുതിയ തൊഴിലവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് പ്രത്യക്ഷമായ കാരണമായി പറയപ്പെടുന്നത് . റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങള്‍ സൂചിപ്പിക്കുന്നത് കമ്ബനി ഇന്ത്യയില്‍ സാന്നിധ്യം നിലനിർത്തി ഭാവിയിലേക്ക് തയ്യാറെടുക്കുന്നു എന്നാണ്. ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം ഊഷ്മളമാകുന്ന പശ്ചാത്തലത്തിലാണ് ടിക്ടോക്കിന്റെ വെബ്സൈറ്റ് ഇന്ത്യയില്‍ ലഭിച്ചുതുടങ്ങിയത്. അതേസമയം, ടിക് ടോകിന്റെ കേന്ദ്ര സർക്കാർ നിരോധനം ഇതുവരെ നീക്കിയിട്ടില്ല. ആപ്പ് ഇപ്പോഴും ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യാൻ ലഭ്യമല്ല.
അതേസമയം ടിക്ടോക്കിന്റെ മൊബൈല്‍ ആപ്പ് ഇതുവരെ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും തിരികെയെത്തിയിട്ടില്ല. ടിക്ടോക്കിന്റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ടിക്ടോക്കിന്റേയോ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന്റേയോ ഇതുവരെ വന്നിട്ടില്ല.
ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാന്‍സിന്റെ (ByteDance) ഉടമസ്ഥതയിലുള്ള ടിക് ടോക്ക് 2020 ജൂണിലാണ് ഇന്ത്യയില്‍ നിരോധിക്കുന്നത്. ചൈനീസ് ആപ്പായ ടിക്ടോക്കിനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരോധിച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ കാരണം വഷളായതിന് പിന്നാലെയായിരുന്നു ഇത്. ഗാല്‍വാന്‍ താഴ്വരയില് ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പ് നിരോധിക്കുന്നത്. 59 ചൈനീസ് ആപ്പുകളാണ് അന്ന് ദേശീയ സുരക്ഷയും ഡാറ്റ സ്വകാര്യതാ ആശങ്കകളും ചൂണ്ടിക്കാട്ടി നിരോധിച്ചത്.
നിരോധനത്തിന് മുമ്ബ് ടിക് ടോക്കിന് ഇന്ത്യയില്‍ ഏകദേശം 20 കോടി ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. കമ്ബനിയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അടുത്തിടെ, ടിക് ടോക്കിന്റെ വെബ്സൈറ്റ് ഭാഗികമായി ആക്സസ് ചെയ്യാൻ കഴിയുന്നതായി കുറച്ച് ഉപയോക്താക്കള്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം ഊഷ്മളമാകുന്ന പശ്ചാത്തലത്തിലാണ് ടിക്ടോക്കിന്റെ വെബ്സൈറ്റ് ഇന്ത്യയില്‍ ലഭിച്ചുതുടങ്ങിയത്.
ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്കുളള ഒഴിവുകള്‍ കണ്ടന്റ് മോഡറേറ്റർ (ബംഗാളി സ്പീക്കർ), വെല്‍ബീയിംഗ് പ്രവർത്തനങ്ങളുടെ നേതൃത്വം എന്നീ തസ്തികകളാണ്. ടിക് ടോക്കിലെ ഉള്ളടക്കം നിരീക്ഷിക്കുകയും ഫില്‍ട്ടർ ചെയ്യുകയും ചെയ്യുക എന്നതാണ് കണ്ടന്റ് മോഡറേറ്ററുടെ ജോലി. ടിക് ടോക്കിന്റെ പ്രാദേശിക ടീമുകളുടെ ക്ഷേമ സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആഗോള നയങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന റോളാണ് വെല്‍ബീയിംഗ് ചുമതല. പുതിയ തൊഴില്‍ അവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടത് കമ്ബനി ഇന്ത്യയില്‍ താമസിയാതെ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ പ്രാരംഭ നടപടികളായാണ് കരുതുന്നത്.
ഇന്നത്തെ ഇന്‍സ്റ്റഗ്രാം റീല്‍സും യൂട്യൂബ് ഷോര്‍ട്ട്സുമെല്ലാം ടിക്ടോക്കിന്റെ മാതൃക പിന്തുടര്ന്നെത്തിയവരാണ്. 2020-ല്‍ ഇന്ത്യ ടിക്ടോക്ക് നിരോധിച്ചതിന് ശേഷമാണ് റീല്‍സും ഷോര്‍ട്ട്സും ജനകീയമായത്. അതുവരെ ടിക്ടോക്കായിരുന്നു ഷോര്‍ട്ട് വീഡിയോ സോഷ്യല്‍ മീഡിയാ ആപ്പുകളിലെ മുടിചൂടാമന്നന്‍. മലയാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ ഒട്ടേറെ പേരെ താരങ്ങളാക്കിയതില്‍ ടിക്ടോക്കിന് നിര്‍ണായക പങ്കുണ്ട്.