ജൂലൈ മാസത്തിലെ ശമ്പളം നൽകാൻ
സർക്കാർ 65 കോടി രൂപ അനുവദിക്കണമെന്ന് കെ എസ് ആർ ടി സി
ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിന് സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. ജൂലൈ മാസത്തെ ശമ്പളം ആഗസ്റ്റ് 5ന് മുന്നെ കൊടുക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുള്ളത്. അതേ സമയം ജൂൺ മാസത്തെ ശമ്പള വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല. ഇനിയും 30 കോടിരൂപ കിട്ടിയാല്‍ മാത്രമേ ബാക്കിയുള്ളവര്‍ക്ക് കൂടി ശമ്പളം നല്കാന് കഴിയൂ എന്നാണ് കെ എസ് ആർ ടി സി മാനേജ്മെന്റ് അറിയിച്ചത്.
സർക്കാർ അനുവദിച്ച 30 കോടി രൂപ കൊണ്ട് മെയ് മാസത്തെ ബാങ്ക് ഓവർ ഡ്രാഫ്റ്റ് അടച്ചു തീർത്ത് 50 കോടിയുടെ പുതിയ ബാങ്ക് ഓവർ ഡ്രാഫ്റ്റ് എടുത്ത് ജൂണിലെ ശമ്പളം നൽകാൻ നേരത്തെ ധാരണയായിരുന്നു. ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും മാത്രമാണ് ശമ്പളം നൽകുന്നത്.
സര്‍ക്കാര്‍ സഹായം ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന കാര്യം കെഎസ്ആര്‍ടിസി നേരെത്തെ വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസിയുടെ കൈവശം നീക്കിയിരിപ്പു തുകകള്‍ ഒന്നുമില്ലെന്നും എത്രയും പെട്ടന്ന് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നു. എല്ലാ മാസവും 65 കോടി രൂപയാണ് സര്‍ക്കാറിനോട് കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നത്. മാസങ്ങളായി കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി രൂക്ഷമാണ്. ഇതിനെതിരെ ഇതിനോടകം തന്നെ നിരവധി തൊഴിലാളി സംഘടനകളും രംഗത്തെത്തിയിരുന്നു. തുടർച്ചയായി ശമ്പളക്കാര്യത്തിലുണ്ടാവുന്ന പ്രശ്നങ്ങൾ ജീവനക്കാരെ പ്രതികൂലമായ ബാധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ വേണമെന്ന നിലപാടിലേക്ക് കെഎസ്ആർ ടി സിമാനേജ്മെന്റ് എത്തിയത്.
Content Highlights – KSRTC, July Salary, Government to allocate 65 crore