അത്തച്ചമയമണിയാൻ ഒരുങ്ങി തൃപ്പൂണിത്തുറ
പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡിനെ തുടർന്ന് മുടങ്ങിപ്പോയ ആഘോഷങ്ങൾ ഇക്കുറി പതിന്മടങ്ങ് പ്രൗഢിയിൽ അണിയിച്ചൊരുക്കുകയാണ് തൃപ്പൂണിത്തുറ നഗരസഭ.
ഇരുപത്തൊമ്പതിന് വൈകിട്ട് ഹിൽപാലസിൽനിന്ന് നഗരസഭാ ചെയർപേഴ്സൻ രമ സന്തോഷിന് അത്തം നഗറിൽ ഉയർത്താനുള്ള പതാക കൈമാറും. ഇത് അത്തം നഗറിൽ എത്തിക്കും. അത്തച്ചമയാഘോഷം 30ന് രാവിലെ ഒമ്പതിന് സാംസ്കാരികമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും.
കെ ബാബു എംഎൽഎ അത്തം പതാക ഉയർത്തും. അത്തച്ചമയഘോഷയാത്ര അനൂപ് ജേക്കബ് എംഎൽഎയും കലക്ടർ ഡോ. രേണു രാജും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഘോഷയാത്ര ബോയ്സ് ഹൈസ്കൂൾ മൈതാനത്തുനിന്ന് പുറപ്പെട്ട് നഗരം ചുറ്റി പകൽ രണ്ടോടെ തിരികെയെത്തും.