‘വിമാനത്തില്‍ യുവാക്കളെ മര്‍ദ്ദിച്ച് കേരള മന്ത്രി കെ പി ജയരാജന്’! ട്വിറ്ററില്‍ വ്യാജ പ്രചാരണം നടത്തി രാജീവ് ചന്ദ്രശേഖര്‍
കണ്ണൂര്‍-തിരുവനന്തപുരം വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരെ നടത്തിയ പ്രതിഷേധം വളച്ചൊടിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ട്വിറ്ററിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍ വ്യാജ പ്രചാരണവുമായി രംഗത്തെത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിടുന്നതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടുള്ള ട്വീറ്റ് രാജ്യസഭാ എംപി വി ശിവദാസൻ ഡിജിസിഎയ്ക്ക് നല്കിയ പരാതിയെക്കുറിച്ചുള്ള ട്വീറ്റിന് മറുപടിയായാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിജിസിഎ, ടൈംസ് ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ്.
‘കേരള മന്ത്രി കെ പി ജയരാജന്’ യുവാക്കളെ ആക്രമിക്കുന്നതാണ് വീഡിയോയില്‍ കാണുന്നതെന്ന് ട്വീറ്റില്‍ രാജീവ് ചന്ദ്രശേഖര്‍ കുറിച്ചിരിക്കുന്നു. ഇ പി ജയരാജനാണ് വീഡിയോയിലുള്ളതെന്ന് കേന്ദ്രമന്ത്രിക്ക് അറിയില്ലേയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ബിജെപി കേന്ദ്രമന്ത്രി കോണ്‍ഗ്രസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയിലെ സിപിഎം അനുഭാവികളും ഉന്നയിക്കുന്നു.
കേന്ദ്രമന്ത്രിയുടെ ട്വീറ്റില്‍ പിശകുണ്ടെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും 7 മണിക്കൂറിന് ശേഷവും ട്വീറ്റ് തിരുത്തിയിട്ടില്ല. കേരളത്തിനെതിരെ ഉത്തരേന്ത്യയില്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ കേന്ദ്രമന്ത്രി കൂടി പങ്കാളിയാകുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
Content Highlights: Rajeev Chandrasekhar, Tweet, Flight Incident, Youth Congress