സംസ്ഥാനത്തെ രണ്ട് വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്
രണ്ട് വിസിമാര്‍ക്കു കൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചാന്‍സലര്‍ എന്ന നിലയിലാണ് നടപടി. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.എം. മുബാറക് പാഷയ്ക്കുമാണ് ഷോ കോസ് നോട്ടീസ് നല്‍കിയത്.
സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധി ആധാരമാക്കിയാണ് നോട്ടീസ്. നവംബര്‍ നാലിനകം ഇവര്‍ വിശദീകരണം നല്‍കണം. ഇരുവരുടെയും നിയമനത്തില്‍ യുജിസി ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടെന്നാണ് രാജ്ഭവന് പറയുന്നത്.
പുതിയ സര്‍വകലാശാലകള്‍ രൂപീകരിക്കുമ്പോള്‍ സര്‍ക്കാര്‍ വിസിയുടെ പേര് നിര്‍ദേശിക്കുകയും ഗവര്‍ണര്‍ അത് അംഗീകരിക്കുകയുമാണ് പതിവ്. സമീപകാലത്ത് രൂപീകരിക്കപ്പെട്ട ഈ രണ്ടു സര്‍വകലാശാലകളിലും ഈ പതിവു തന്നെ ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി വിസിക്കെതിരായ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുതിയ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവര്‍ണര്‍.