പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവെച്ച് യുഎപിഎ ട്രൈബ്യൂണല്‍
പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച നടപടി ശരിവെച്ച് യുഎപിഎ ട്രൈബ്യൂണല്‍. പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് ട്രൈബ്യൂണല്‍ ശരിവെച്ചത്. ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ അധ്യക്ഷനായ ട്രൈബ്യൂണലിന്റേതാണ് തീരുമാനം. ഏതെങ്കിലും സംഘടനയെ യുഎപിഎ നിയമ പ്രകാരം നിരോധിക്കുകയാണെങ്കില്‍ ആ നടപടി ട്രൈബ്യൂണല്‍ ശരിവെക്കേണ്ടതുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം കണക്കിലെടുത്ത തെളിവുകളും രേഖകളും പരിശോധിച്ച ശേഷമാണ് ട്രൈബ്യൂണലിന്റെ നടപടി. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കഴിഞ്ഞ സെപ്റ്റംബറിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്ത് അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
റിഹാബ് ഇന്ത്യ ഫൗണ്ടേഷന്, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന്, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്, റിഹാബ് ഓര്ഗനൈസേഷന് എന്നിവയാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട അനുബന്ധ സംഘടനകള്‍.