‘ആർ എസ് എസ്സുമായി കോൺഗ്രസിന് ഒരു ബന്ധവുമില്ല, ആ വോട്ടു വാങ്ങി സഭയിലെത്തിയത് മുഖ്യമന്ത്രി’ – വി ഡി സതീശൻ
കേരളത്തില് കോണ്ഗ്രസിന് നില്ക്കാന് കഴിയുന്നത് എല്ഡിഎഫിന്റെ കരുത്തുകൊണ്ടാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ത്രിപുരയില് കോണ്ഗ്രസും ബിജെപിയും ചേര്ന്നാണ് സിപിഎമ്മിനെ പരാജയപ്പെടുത്തിയതെന്ന് പറയുന്ന മുഖ്യമന്ത്രി 1977-ല് ആര്എസ്എസിന്റെ വോട്ടുകൂടി വാങ്ങി എംഎല്എ ആയി സഭയിലെത്തിയ ആളാണെന്ന് ഓർക്കണമെന്ന് വി ഡി സതീശന് തിരിച്ചടിച്ചു.
ആര്എസ്എസുമായി ചേര്ന്നാണ് കോണ്ഗ്രസ് പ്രവര്ത്തിക്കുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി ഓർക്കേണ്ട ഒരു കാര്യമുണ്ട് ആര്എസ്എസ് നേതാക്കളുമായി വേദി പങ്കിട്ട് ചര്ച്ചനടത്തി കോണ്ഗ്രസിനെ തോല്പ്പിക്കാന് പുറപ്പെട്ടവരാണ് നിങ്ങള്. ഏത് കുടില ശക്തിയെ കൂടെക്കൂട്ടിയും കോണ്ഗ്രസിനെ തോല്പ്പിക്കണം എന്നുപറഞ്ഞ ആർ എസ് എസുകാരുമുണ്ട്. ഇവിടെ ഒരു കോണ്ഗ്രസുകാരനും ഒരു യുഡിഎഫുകാരനും ആര്എസ്എസ് വോട്ട് വാങ്ങി വിജയിച്ചിട്ടില്ല.
80 ശതമാനം ബോംബ് സ്ഫോടന കേസുകളും ഒരു തുമ്പും ഇല്ലാതെയും പ്രതികളെ പിടികൂടാതെയും അവസാനിക്കുന്നു. നിരപരാധികള് പോലും ബോംബ് പൊട്ടി മരിക്കുന്നു. ഒരു കേസിലും ഒരു തുമ്പും ഇല്ല. ബോംബ് കേസുകളില് പ്രതിയായ ഒരു സിപിഎം പ്രവര്ത്തകനെ പോലും പിടികൂടിയിട്ടില്ല. നിങ്ങള് ഭരിക്കുമ്പോള് അത് പ്രതീക്ഷിക്കുന്നുമില്ല. എന്നാല് എന്തുകൊണ്ടാണ് ആര്എസ്എസ്, എസ് ഡി പിഐ പ്രവര്ത്തകരെ ബോംബ് കേസില് പിടികൂടാത്തതെന്നും സതീശന് ചേദിച്ചു.
കോടിയേരി ബാലകൃഷ്ണന് പ്രസംഗിച്ച വേദിക്ക് സമീപം ബോംബെറിഞ്ഞതില് കേസെടുത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി അതില് ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി പറയാന് കഴിയുമോയെന്നും സതീശന് ചോദിച്ചു. മക്കളെ കുറിച്ച് പറയുമ്പോള് എല്ലാവര്ക്കും നോവും. അങ്ങനെ എത്ര മക്കളെയാണ് നിങ്ങള് ക്രൂരമായി കൊന്നതെന്നും സതീശന് ചോദിച്ചു. മട്ടന്നൂരില് ബോംബ് സ്ഫോടനത്തില് രണ്ട് പേര് മരിച്ചത് സഭ നിര്ത്തി വെച്ച് ചര്ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു.
Content Highlights : V D Satheeshan and Pinarayi vijayan on RSS