തിരുവനന്തപുരം-കാസര്‍കോട് 7 മണിക്കൂര്‍ 50 മിനിറ്റ്; രണ്ടാം ഘട്ട പരീക്ഷണ ഓട്ടത്തില്‍ സമയം മെച്ചപ്പെടുത്തി വന്ദേഭാരത് എക്സ്പ്രസ്
കാസര്‍കോട് വരെയുള്ള പരീക്ഷണ ഓട്ടത്തില്‍ സമയം കൂടുതല്‍ മെച്ചപ്പെടുത്തി വന്ദേഭാരത് എക്സ്പ്രസ്. 7 മണിക്കൂര്‍ 50 മിനിറ്റില്‍ ട്രെയിന്‍ കാസര്‍കോട് ഓടിയെത്തി. പുലര്‍ച്ചെ 5.20ന് തിരുവനന്തപുരത്തു നിന്ന് യാത്രയാരംഭിച്ച വന്ദേഭാരത് 1.10ന് കാസര്‍കോട് എത്തിച്ചേര്‍ന്നു. കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന് ഉള്‍പ്പെടെയുള്ളവര്‍ വന്ദേഭാരതിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
തിങ്കളാഴ്ച നടത്തിയ ആദ്യ പരീക്ഷണ യാത്രയില്‍ 7 മണിക്കൂര്‍ 10 മിനിറ്റില്‍ ട്രെയിന്‍ കണ്ണൂരില്‍ എത്തിയിരുന്നു. ഇന്ന് 17 മിനിറ്റ് നേരത്തേ കണ്ണൂരില്‍ എത്താന്‍ കഴിഞ്ഞു. ആദ്യം കണ്ണൂര്‍ വരെയായിരുന്നു വന്ദേഭാരത് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വേമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ട്രെയിന്‍ കാസര്‍കോട് വരെ നീട്ടിയതായി പ്രഖ്യാപിക്കുകയായിരുന്നു.
വരുന്ന ദിവസങ്ങളിലും പരീക്ഷണ ഓട്ടങ്ങള്‍ നടത്തുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്. വിവിധ മേഖലകളില്‍ എടുക്കാന്‍ കഴിയുന്ന വേഗം പരിശോധിക്കുക, പാളത്തിന്റെ ക്ഷമത വിലയിരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. 25-ാം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കും.