സര്‍ക്കാരിന്റെ വീഴ്ചകളുടെ പേരില്‍ മന്ത്രിമാരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല; വി ഡി സതീശന്

സര്‍ക്കാരിന്റെ വീഴ്ചകളുടെ പേരില്‍ മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് അതീതമായ ശക്തിയല്ല. കൃത്യമായ ഇടപെടലുകള്‍ക്കാണ് ഗവര്‍ണര്‍ അധികാരം ഉപയോഗിക്കേണ്ടത്. കണ്ണൂര്‍ വി.സിയുടെ നിയമനം അനധികൃതമാണെന്ന് ഗവര്‍ണര്‍ തന്നെ സമ്മതിച്ചിട്ടും ഇതുവരെ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല.
സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റുകള്‍ പോലെ പ്രവര്‍ത്തിക്കുന്നതും കേരള സര്‍വകലാശാല വിസി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാത്തതും സര്‍ക്കാരിന്റെ വീഴ്ചയാണ്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം വെറും തമാശയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ഇഷ്ടമില്ലെന്നു കരുതി മന്ത്രിമാരെയൊന്നും പിന്‍വലിക്കാനാകില്ല. ഗവര്‍ണര്‍ നടക്കാത്ത കാര്യങ്ങളേക്കുറിച്ച് പറയുകയല്ല വേണ്ടത്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം, സതീശന് ആവശ്യപ്പെട്ടു.