ബോട്ടപകടം മനുഷ്യനിര്‍മിത ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം സമബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് വി ഡി സതീശന്
താനൂര്‍ തൂവല്‍ തീരത്തെ ബോട്ടപകടം മനുഷ്യനിര്‍മിത ദുരന്തമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. ബോട്ടപകടത്തില്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ബോട്ടുകള്‍ ഒരു നിയന്ത്രണവുമില്ലാതെ സര്‍വീസ് നടത്തുന്നുണ്ട്. ദുരന്തങ്ങള്‍ ഉണ്ടായിട്ടും ആവശ്യത്തിന് പരിശോധനകള്‍ നടത്താന്‍ കഴിയുന്നില്ലെന്നത് ദുഃഖകരമാണ്. മുരളി തുമ്മാരുകുടി അടക്കമുള്ളവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് അപകടസാധ്യത പ്രവചിച്ചത്. ഇനിയുമൊരു അപകടമുണ്ടായാല്‍ സര്‍ക്കാരും മറ്റു അധികൃതരും ഉത്തരം പറയേണ്ടി വരും.
അപകടമുണ്ടായ ബോട്ടിന് ലൈസന്‍സ് ലഭിച്ചത് എങ്ങനെയെന്നതു പോലും സംശയകരമാണ്. പലരും ഈ ബോട്ടിനെ കുറിച്ച് പരാതിപ്പെട്ടിട്ടു പോലും നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞതായും സതീശന് പറഞ്ഞു.