അബദ്ധം മാത്രം പറയുന്ന ജയരാജന് യുഡിഎഫിന്റെ ഐശ്വര്യം; വ്യാജ വീഡിയോ ആരോപണത്തില്‍ നിയമനടപടിയെന്ന് വി ഡി സതീശന്
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്. വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ജയരാജന് യുഡിഎഫിന്റെ ഐശ്വര്യമാണെന്ന് സതീശന് പറഞ്ഞു. വ്യാജ വീഡിയോ ഉണ്ടാക്കിയെന്ന ആരോപണത്തില്‍ നിയമ നടപടിയുണ്ടാകുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അശ്ലീല വീഡിയോ ഉണ്ടാക്കിയത് സതീശന് മുഖാന്തരമാണെന്ന് ജയരാജന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ക്രൈം നന്ദകുമാര്‍, പി സി ജോര്‍ജ്, സ്വപ്ന സുരേഷ് തുടങ്ങിയവരെല്ലാമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മാര്ഗ്ഗദര്ശികള്. ഇവരെ എഴുന്നള്ളിച്ചായിരുന്നു എല്‍ഡിഎഫ് ഗവണ്മെന്റിനും മുഖ്യമന്ത്രിക്കുമെതിരെയെല്ലാം യുഡിഎഫ് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ജയരാജന് കുറ്റപ്പെടുത്തിയിരുന്നു. സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും കൂടി പ്ലാന്‍ ചെയ്താണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കണ്ണൂരിലെ ഗുണ്ടാസംഘത്തെ വിമാനത്തില്‍ അയച്ചതെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തിരുന്നു.
അതേസമയം സംസ്ഥാനത്ത് വ്യാപകമായി സിപിഎം കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് സതീശന് പ്രതികരിച്ചു. എല്ലാ നിയമങ്ങളും ലംഘിച്ച് ഭരണകക്ഷി അഴിഞ്ഞാടുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണെന്നും സതീശന് കുറ്റപ്പെടുത്തി.
Content Highlights: VD Satheeshan, EP Jayarajan, CPM, Congress, Pinarayi Vijayan