അശ്ലീല വീഡിയോ ആരോപണം: ഇ പി ജയരാജന് പ്രതിപക്ഷ നേതാവിന്റെ വക്കീല്‍ നോട്ടീസ്
തൃക്കാക്കരയിലെ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ പ്രതിപക്ഷനേതാവാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ആരോപണത്തില്‍ നിയമ നടപടിയുമായി വി ഡി സതീശന്. ജയരാജന് സതീശന് വക്കീല്‍ നോട്ടീസ് അയച്ചു. പ്രസ്താവന അവാസ്തവമാണെന്നും ഏഴു ദിവസത്തിനകം പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന് തയ്യാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നു. ഹൈക്കോടതി അഭിഭാഷകന് അനൂപ് വി. നായരാണ് പ്രതിപക്ഷനേതാവിനു വേണ്ടി നോട്ടീസ് അയച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പു സമയത്ത് ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പേരില്‍ പ്രചരിച്ച അശ്ലീല വീഡിയോയിലാണ് വിവാദമുണ്ടായത്.
അശ്ലീല ദൃശ്യം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടുവെന്ന മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സതീശനെതിരെ ആരോപണവുമായി ജയരാജന് രംഗത്തെത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അശ്ലീല വീഡിയോ ഉണ്ടാക്കിയത് സതീശന് മുഖാന്തരമാണെന്ന് ജയരാജന് ഫെയിസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
ക്രൈം നന്ദകുമാര്‍, പി സി ജോര്‍ജ്, സ്വപ്ന സുരേഷ് തുടങ്ങിയവരെല്ലാമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മാര്ഗ്ഗദര്ശികള്. ഇവരെ എഴുന്നള്ളിച്ചായിരുന്നു എല്‍ഡിഎഫ് ഗവണ്മെന്റിനും മുഖ്യമന്ത്രിക്കുമെതിരെയെല്ലാം യുഡിഎഫ് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ജയരാജന് കുറ്റപ്പെടുത്തി. സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും കൂടി പ്ലാന്‍ ചെയ്താണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കണ്ണൂരിലെ ഗുണ്ടാസംഘത്തെ വിമാനത്തില്‍ അയച്ചതെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തിരുന്നു.
Content Highlights: VD Satheeshan, EP Jayarajan, CPM, Congress, Thrikkakkara, LDF, UDF