സരിത്തിനെ വിജിലന്‍സ് വിട്ടയച്ചു; ചോദിച്ചത് സരിതയുടെ വെളിപ്പെടുത്തലിനെ കുറിച്ചെന്ന് സരിത്ത്
പാലക്കാട്ടെ ഫ്ളാറ്റില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത സരിത്തിനെ വിജിലന്‍സ് സംഘം വിട്ടയച്ചു. തന്നെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നെന്ന് സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ലൈഫ് മിഷന് കേസിനെക്കുറിച്ച് ഒന്നും വിജിലന്‍സ് ചോദിച്ചില്ല. സരിതയുടെ വെളിപ്പെടുത്തലിനെക്കുറിച്ചാണ് ചോദിച്ചതെന്നും സരിത്ത് പറഞ്ഞു. മൂന്നംഗ സംഘം തന്നെ ബലമായി കൊണ്ടുപോകുകയായിരുന്നു. ബലപ്രയോഗത്തില്‍ കൈക്ക് പരിക്കു പറ്റി. കൊണ്ടുപോകുമ്പോള്‍ നോട്ടീസ് നല്‍കിയില്ല. ഓഫീസില്‍ എത്തിയ ശേഷമാണ് നോട്ടീസ് നല്‍കിയത്. 16-ാം തിയതി ഹാജരാകാനാണ് നിര്‍ദേശമെന്നും സരിത്ത് പറഞ്ഞു.
സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് പാലക്കാട്ടെ ഫ്ളാറ്റില്‍ നിന്ന് ഒരു സംഘം സരിത്തിനെ കൊണ്ടുപോയത്. ഇതിനു പിന്നാലെ സരിത്തിനെ തട്ടിക്കൊണ്ടു പോയെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ ആരാണ് സരിത്തുമായി പോയതെന്ന് പോലീസിനും വ്യക്തതയില്ലായിരുന്നു. പിന്നീടാണ് വിജിലന്‍സ് സംഘമാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.
ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി സരിത്തിനെ കൊണ്ടുപൊകുകയായിരുന്നുവെന്നാണ് ഇതു സംബന്ധിച്ച് വിജിലന്‍സ് നല്കിയ വിശദീകരണം. കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.
Content Highlights: Sarith, Swapna Suresh, Gold Smuggling Case