വന്ദേഭാരതുമായി ബന്ധപ്പെട്ട പരാമര്‍ശം വളച്ചൊടിച്ച് കാര്‍ട്ടൂണ്‍; മാതൃഭൂമിക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
വാര്‍ത്താസമ്മേളനത്തില്‍ വന്ദേഭാരത് എക്സ്പ്രസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം മാതൃഭൂമി ദിനപ്പത്രം വളച്ചൊടിച്ച് കാര്‍ട്ടൂണ്‍ നല്‍കിയതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വന്ദേഭാരത് ട്രെയിനിന് നല്കുന്ന വരവേല്പില് രാഷ്ട്രീയമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നല്കിയ മറുപടിയാണ് വളച്ചൊടിച്ചതെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ സനോജ് പറയുന്നു. നല്കി മറുപടിയും പോസ്റ്റില്‍ സനോജ് വിശദീകരിക്കുന്നു.
ഈ വരവേല്പിനും പ്രചരണത്തിനും തികച്ചും രാഷ്ട്രീയം ഉണ്ട്. കേരളത്തില്‍ വന്ദേ ഭാരത് ട്രയിനിന്റെ വേഗത ഒക്കെ നമ്മള് ചര്‍ച്ച ചെയ്യതാണ്. നാളിതുവരെ അധികാരത്തില്‍ വന്നത് മുതല്‍ കേരളത്തിന്റെ എല്ലാ റെയില്‍വേ വികസനത്തേയും അട്ടി മറിച്ചവരാണ് ബിജെപി. എലത്തൂര്‍ സംഭവം അടക്കം ചൂണ്ടി കാണിച്ച് തീവണ്ടിയിലെ സുരക്ഷ, റെയില്‍ പാതാ വികസനം, കൊച്ച് ഫാക്ട്ടറി, പാലക്കാട് സോണ്‍, തുടങ്ങി കേരളത്തിന്റെ എല്ലാ റെയില്‍വേ വികസന ആവശ്യങ്ങളോടും പുറം തിരിഞ്ഞു നിന്നവരാണ് യൂണിയന് ഗവണ്മെന്റ്. ഈ ഗവണ്മെന്റ് വന്നതിന് ശേഷം റെയില്‍വേ ബജറ്റ് തന്നെ എടുത്തു കളയുകയും, കേരളത്തെ ഇന്ത്യന്‍ റെയില്‍വേയുടെ ഒരു പുറമ്പോക്കായാണ് പരിഗണിക്കുന്നതെന്നും ഗുണ നിലവാരമുള്ള കോച്ചുകള്‍ പോലും നമുക്ക് ലഭിക്കാറില്ല. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കെ. റെയില്‍, ദേശീയ പാതാ വികസനം അടക്കമുള്ള പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ മുന്നോട്ട് വച്ചപ്പോള്‍ അതിനോടൊക്കെ അങ്ങേയറ്റം നിഷേധാത്മക സമീപനമാണ് ബിജെപിയും കോണ്‍ഗ്രസ്സും അടക്കമുള്ള കക്ഷികള്‍ സ്വീകരിച്ചത്. സില്‍വര്‍ ലൈനിന് ബദലാണ് വന്ദേ ഭാരത് എന്ന് പ്രചരിപ്പിച്ച് കേരളത്തിന്റെ അത്തരം വികസന കാര്യങ്ങള്‍ ഇനി ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന് സ്ഥാപിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയം ഉണ്ട്. അത് കേരളത്തോടുള്ള വിരോധത്തില്‍ നിന്ന് ഉള്‍പ്പെടെ രൂപപ്പെടുന്ന ഒരു രാഷ്ട്രീയമാണ് എന്നായിരുന്നു മറുപടി.
21 മിനിറ്റ് നീളുന്ന വാര്‍ത്താസമ്മേളനത്തില്‍ താനോ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫോ കാര്‍ട്ടൂണില്‍ കാണുന്നതുപോലെ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തില്‍ എത്തിച്ചത് കേരളത്തോടുള്ള വിരോധത്തില്‍ എന്ന് പറഞ്ഞിട്ടില്ല. മുഴുവന്‍ വാര്‍ത്താസമ്മേളനവും ഡിവൈഎഫ്ഐയുടെ ഫെയിസ്ബുക്ക് പേജില്‍ ലഭ്യമാണെന്നും ആര്‍ക്കും അത് കേട്ട് ബോധ്യപ്പെടാമെന്നും സനോജ് പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നാളിതുവരെ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ സെറ്റിട്ട അഭിമുഖങ്ങളിൽ ഉത്തരങ്ങൾ മാത്രം നൽകി കൊണ്ട് ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് രാജ്യത്തെ യുവജനങ്ങൾ ചോദ്യങ്ങൾ ചോദിക്കുകയാണ്. ‘Young India, Ask India ‘ എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ വരുന്ന ഏപ്രിൽ 23 – ന് ജില്ലാ കേന്ദ്രങ്ങളിൽ കാൽ ലക്ഷം പേർ പങ്കെടുക്കും.
ഈ പരിപാടിയെ കുറിച്ച് സംസാരിക്കാനായി സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, കോഴിക്കോട് DYFI ജില്ലാ നേതൃത്വം എന്നിവർക്കൊപ്പം കോഴിക്കോട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിന്റെ ഒടുവിലാണ് ഇന്നലെ കേരളത്തിൽ എത്തിയ വന്ദേ ഭാരത് എക്സ്പ്രസിനേയും കെ. റെയിലിനേയും ബന്ധപ്പെടുത്തിയ ചോദ്യങ്ങൾ മാധ്യമ പ്രവർത്തകർ ഉന്നയിച്ചത്.
അതിൽ ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകന്റെ
“കെ റയിൽ വലിയ ചർച്ചയൊക്കെ നടന്ന ഘട്ടത്തിലാണ് വന്ദേ ഭാരത് ട്രയിൻ ഒക്കെ വരുന്നത് പെട്ടന്ന് ഇങ്ങനെ ഉള്ള ടെയിനിന്റെ വരവേൽപിൽ രാഷ്ട്രീയം എന്തെങ്കിലും ഉണ്ടോ ?
കെ റെയിലിനെ തീർത്തും അപ്രസക്തമാക്കിയോ ?
എന്താണ് DYFI യുടെ അഭിപ്രായം?”
ഞാൻ പറഞ്ഞ മറുപടിയുടെ ചുരുക്കം ഇങ്ങനെയാണ്.
ഈ വരവേൽപിനും പ്രചരണത്തിനും തികച്ചും രാഷ്ട്രീയം ഉണ്ട്.
കേരളത്തിൽ വന്ദേ ഭാരത് ട്രയിനിന്റെ വേഗത ഒക്കെ നമ്മൾ ചർച്ച ചെയ്യതാണ്.
നാളിതുവരെ അധികാരത്തിൽ വന്നത് മുതൽ കേരളത്തിന്റെ എല്ലാ റെയിൽവേ വികസനത്തേയും അട്ടി മറിച്ചവരാണ് ബിജെപി. എലത്തൂർ സംഭവം അടക്കം ചൂണ്ടി കാണിച്ച് തീവണ്ടിയിലെ സുരക്ഷ, റെയിൽ പാതാ വികസനം, കൊച്ച് ഫാക്ട്ടറി, പാലക്കാട് സോൺ, തുടങ്ങി കേരളത്തിന്റെ എല്ലാ റെയിൽവേ വികസന ആവശ്യങ്ങളോടും പുറം തിരിഞ്ഞു നിന്നവരാണ് യൂണിയൻ ഗവണ്മെന്റ്. ഈ ഗവണ്മെന്റ് വന്നതിന് ശേഷം റെയിൽവേ ബജറ്റ് തന്നെ എടുത്തു കളയുകയും, കേരളത്തെ ഇന്ത്യൻ റെയിൽവേയുടെ ഒരു പുറമ്പോക്കായാണ് പരിഗണിക്കുന്നതെന്നും ഗുണ നിലവാരമുള്ള കോച്ചുകൾ പോലും നമുക്ക് ലഭിക്കാറില്ല. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കെ. റെയിൽ, ദേശീയ പാതാ വികസനം അടക്കമുള്ള പദ്ധതികൾ ഇടതു സർക്കാർ മുന്നോട്ട് വച്ചപ്പോൾ അതിനോടൊക്കെ അങ്ങേയറ്റം നിഷേധാത്മക സമീപനമാണ് ബിജെപിയും കോൺഗ്രസ്സും അടക്കമുള്ള കക്ഷികൾ സ്വീകരിച്ചത്.
സിൽവർ ലൈനിന് ബദലാണ് വന്ദേ ഭാരത് എന്ന് പ്രചരിപ്പിച്ച് കേരളത്തിന്റെ അത്തരം വികസന കാര്യങ്ങൾ ഇനി ചർച്ച ചെയ്യേണ്ടതില്ല എന്ന് സ്ഥാപിക്കുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയം ഉണ്ട്.
അത് കേരളത്തോടുള്ള വിരോധത്തിൽ നിന്ന് ഉൾപ്പെടെ രൂപപ്പെടുന്ന ഒരു രാഷ്ട്രീയമാണ്.
തൊട്ടപ്പുറം കർണ്ണാടകയിൽ വന്ന് അപ്പുറം കേരളമാണ് എന്ന് വിദ്വേഷം പ്രസംഗിക്കുന്ന യൂണിയൻ അഭ്യന്തര മന്ത്രിയുള്ള ബിജെപി ഗവണ്മെന്റിന്റെ കേരളത്തോടുള്ള വിരോധം കൂടി ഇത്തരം പ്രചരണങ്ങളുടെ പുറകിലുണ്ട്.
മറ്റു പല സംസ്ഥാനങ്ങളിലും നേരത്തെ ആരംഭിച്ച വന്ദേ ഭാരത് പതിനഞ്ചാമത്തെ സർവീസായാണ് കേരളത്തിൽ എത്തിച്ചേർന്നത്. കേരളത്തിന് എന്നോ ലഭിക്കേണ്ട വന്ദേ ഭാരത് വളരെ നമുക്ക് വൈകി ലഭിച്ചപ്പോൾ ബിജെപി അതിനെ വലിയ സംഭവമായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്.
അതായത് 21 മിനിറ്റ് നീണ്ട വാർത്താ സമ്മേളനത്തിൽ സംസാരിച്ച സംസ്ഥാന സെക്രട്ടറിയായ ഞാനോ സംസ്ഥാന അധ്യക്ഷൻ വി. വസീഫോ ഒരിടത്തും താഴെ കാർട്ടൂണിൽ കാണുന്ന
” …..വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിൽ എത്തിച്ചത് കേരളത്തോടുള്ള വിരോധത്തിൽ” എന്ന് പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല എന്താണോ പറഞ്ഞത് അതിന്റെ നേരെ വിപരീത അർത്ഥത്തിലുള്ള ആശയമായാണ് ബോധപൂർവ്വം റിപ്പോർട്ട് ചെയ്തത്.
മുഴുവൻ വാർത്താ സമ്മേളനവും DYFI Kerala എന്ന ഒഫീഷ്യൽ പേജിൽ ലഭ്യമാണ്. ആർക്കും അത് കെട്ട് സ്വയം ബോധ്യപ്പെടാം. നുണയുടെ ചളിയിൽ അഭിരമിക്കേണ്ടവർക്ക് അങ്ങനെ തന്നെ തുടരാം.
കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ സംഘപരിവാർ പക്ഷപാദിത്വവും ആ കൂടാരത്തിനോട് അടിമപ്പെട്ടു കൊണ്ടുള്ള അദ്ദേഹത്തിന്റെ കാർട്ടൂൺ നിലവാരവും പുതിയ കാര്യമല്ല, എന്നാൽ മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങൾ നാളിതുവരെ അവർ നടത്തിക്കൊണ്ടിരുന്ന സിൽവർ ലൈൻ വിരുദ്ധ സാഹിത്യത്തിന് ഒരു കച്ചിത്തുരുമ്പായാണ് വന്ദേ ഭാരത് ട്രെയിനിനെ കണ്ടത്. അതിന്റെ മുനയൊടിക്കുന്ന വാക്കുകൾ DYFI നേതൃത്വത്തിൽ നിന്ന് കേട്ടപ്പോഴുള്ള അസ്വസ്ഥതയാണ് ഈ വ്യാജ വാർത്ത നൽകലും, വന്ദേ ഭാരത് ട്രെയിനിനെതിരെ DYFI നിലപാട് കൈക്കൊണ്ടു എന്ന പ്രതീതി സൃഷ്ടിക്കലും.
DYFI യുടെ ഈ വിഷയത്തിലുള്ള നിലപാടിൽ എന്തെങ്കിലും വ്യക്തത കുറവില്ല. റെയിൽ പാത വികസനം സാധ്യമാകാത്ത കേരളത്തിന്റെ റെയിൽവേ ലൈനിൽ കൂടി ഉയർന്ന യാത്ര ചെലവിൽ 8 മണിക്കൂർ എടുത്ത് യാത്ര ചെയ്യേണ്ടുന്ന വന്ദേ ഭാരത് സിൽവർ ലൈനിനിന് പകരമാണെന്ന് സ്ഥാപിക്കേണ്ട വ്യഗ്രതയുള്ള മാധ്യമങ്ങൾ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തിയും വ്യാജ കാർട്ടൂണുകൾ വരച്ചും സയൂജ്യമടയുക. വന്ദേ ഭാരത് അടക്കമുള്ള എല്ലാ റെയിൽവേ പദ്ധതികകളും ഇന്ത്യൻ യൂണിയനിൽ പെട്ട ഒരു സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ കൂടി നികുതി പണത്തിന്റെ ഉൽപ്പന്നമാണ്, അത് കേരളത്തിന്റെ അവകാശവുമാണ്.
അത് ഇനിയും ഞങ്ങൾ പറയുക തന്നെ ചെയ്യും.
വി കെ സനോജ്