ഭക്ഷണത്തെയല്ല, കുഴിമന്തിയെന്ന ഭാഷാപ്രയോഗത്തെയാണ് വിമര്‍ശിച്ചത്; കുഴിമന്തി വിവാദത്തില്‍ വിശദീകരണവുമായി വി കെ ശ്രീരാമന്

കുഴിമന്തി വിവാദത്തില്‍ വിശദീകരണവുമായി വി കെ ശ്രീരാമന്. താന്‍ കുഴിമന്തിയെന്ന ഭക്ഷണത്തെയല്ല ആ ഭാഷാ പ്രയോഗത്തെയാണ് വിമര്‍ശിച്ചതെന്ന് ശ്രീരാമന് പറഞ്ഞു. മന്തിയെന്നത് തടിച്ച സ്ത്രീകളെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ്. മറ്റു ഭാഷകളിലെ നല്ല പദങ്ങള്‍ മലയാളത്തില്‍ അശ്ലീലമാണെങ്കില്‍ അത് ഉപയോഗിക്കുന്നത് ശരിയല്ലെന്നും ശ്രീരാമന് പറഞ്ഞു.
മീഡിയവണിന് നല്കിയ അഭിമുഖത്തിലാണ് ശ്രീരാമന്റെ വിശദീകരണം. കുഴിമന്തിക്ക് പകരം നല്ല പദം ഉപയോഗിച്ചിരിന്നുവെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നുവെന്നും ഇത് സംബന്ധിച്ച് ഭാഷാപരമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഴിമന്തിയെന്ന് എഴുതി വെച്ചത് കണ്ടപ്പോള്‍ ഭക്ഷണ വിഭവമാണെന്ന് ആദ്യം മനസ്സിലായില്ല. പിന്നീടാമ് യെമനി വിഭവമാണെന്ന് അറിഞ്ഞത്. ഈ പദം ഭക്ഷണ പദാര്‍ത്ഥത്തിന് ഇടാവുന്ന പേരല്ലെന്നും നാട്ടില്‍ മലയാളത്തിലെ ചില പദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇഷ്ടവും അനിഷ്ടവുമൊക്കെ മലയാളിക്കുണ്ടാകാമെന്നും ശ്രീരാമന് പറഞ്ഞു.