രണ്ട് ചുമ മരുന്നുകൾക്ക് കൂടി മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
പരമാവധി അളവ് 0.1% ആണെന്നിരിക്കെ കോൾഡ്രിഫിൽ ഉണ്ടായിരുന്നത് 48.6%

മദ്ധ്യപ്രദേശിൽ 22 കുട്ടികളുടെ മരണത്തിന് കാരണമായ കോൾഡ്രിഫ് ഉൾപ്പെടെ മൂന്ന് ഇന്ത്യൻ ചുമ മരുന്നുകൾക്കെതിരെ മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). ഈ മരുന്നുകൾ അപകടകരമാണെന്നും മറ്റേതെങ്കിലും രാജ്യങ്ങളിൽ ഉപയോഗത്തിലുണ്ടെങ്കിൽ അറിയിക്കണമെന്നും നിർദ്ദേശം നൽകി. കോൾഡ്രിഫ്, റെസ്പിഫ്രഷ് TR, റീലൈഫ് എന്നിവയുടെ ചില ബാച്ചുകളാണ് അപകടകരമെന്ന് കണ്ടെത്തിയത്. മരുന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന് നേരത്തെ ഡബ്ല്യു.എച്ച്.ഒ ഇന്ത്യയോട് ചോദിച്ചിരുന്നു. മറ്റേതെങ്കിലും രാജ്യങ്ങളിൽ ഈ മരുന്നുകൾ ഉപയോഗത്തിലുണ്ടെങ്കിൽ അറിയിക്കാനും WHO നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ ഇതാദ്യമല്ല ഇന്ത്യയിൽ …. 2022-ലും ഇന്ത്യയിൽ നിർമ്മിച്ച ചുമ മരുന്നുകൾ ഉപയോഗിച്ച് മറ്റ് രാജ്യങ്ങളിൽ ഗാംബിയ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിലെ കുട്ടികളുടെ മരണത്തിന് കാരണമായതിനെ തുടർന്ന് ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. എന്നിട്ടും വീണ്ടും ഈ ദുരന്തം ആവർത്തിച്ചത് ഫാർമസ്യൂട്ടിക്കൽ മേഖലയിലെ നിയന്ത്രണ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ അടിയന്തിര ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇന്ത്യയിൽ മയക്കുമരുന്ന് നിയന്ത്രണത്തിന് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും (CDSCO) സംസ്ഥാന തലത്തിലുള്ള ഡ്രഗ് കൺട്രോളർമാരുമുണ്ട്. ഈ ഇരട്ട നിയന്ത്രണ സംവിധാനം ഉണ്ടായിട്ടും എന്തു കൊണ്ടാണ് ഇത്തരം അപടങ്ങൾ ആവർത്തിക്കപ്പെടുന്നത് .. പലപ്പോഴും പരിശോധനകളിലും നിയമപാലനത്തിലും അസമത്വങ്ങൾ ഉണ്ടാക്കുന്നു. ചില സംസ്ഥാനങ്ങളിൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലാബുകളിൽ മതിയായ ഉപകരണങ്ങളോ വിദഗ്ദ്ധരോ ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്…കയറ്റുമതി ചെയ്യുന്ന മരുന്നുകൾക്ക് കർശനമായ ഗുണനിലവാര പരിശോധനകൾ നിർബന്ധമാക്കുമ്പോഴും, ആഭ്യന്തര വിപണിയിൽ വിൽക്കുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും സ്ഥിരമായ നിരീക്ഷണത്തിലും വേണ്ടത്ര ശ്രദ്ധ നൽകിയിരുന്നില്ലെന്ന് WHO പോലും ആശങ്ക പ്രകടിപ്പിച്ചു.
നിലവിലെ സംഭവതി കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുമ്പോൾ ഗുജറാത്തിലെ റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസ് ആണ് റെസ്പിഫ്രഷ് TR,ന്റെ നിർമാതാക്കൾ .. മരുന്ന് അധികൃതർ തിരിച്ചുവിളിക്കാനും കമ്പനിയോട് എല്ലാത്തരം ഉൽപ്പന്നങ്ങളുടെയും നിർമ്മാണം നിർത്താനും നിർദ്ദേശിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഈ സിറപ്പ് നേരിട്ട് മരണങ്ങൾക്ക് കാരണമായതായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് നിരോധനം ഏർപ്പെടുത്തി.
ഗുജറാത്തിലെ തന്നെ ഷേപ്പ് ഫാർമയാണ് റീലൈഫ്എന്ന സിറപ്പിന്റെ നിർമ്മാതാക്കൾ:
അധികൃതർ വില്പന നടത്തിയ ഈ സിറപ്പുകൾ തിരികെ എടുക്കുകയും ഉത്പാദനം നിർത്തലാക്കുകയും ചെയ്തു.
റെസ്പിഫ്രഷ് ടി.ആറിനെ പോലെ, റീലൈഫും മരണങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കപ്പെട്ടിട്ടില്ല. എങ്കിലും, വിഷാംശത്തിന്റെ സാന്നിധ്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് നടപടി എടുത്തത്.
അവയിൽ കണ്ടെത്തിയ ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന വിഷവസ്തുവിന്റെ സാന്നിധ്യമാണ്അപകടത്തിന്റെ കാരണം …എന്താണ് ഡൈഎത്തിലീൻ ഗ്ലൈക്കോൾ
ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്നത് മരുന്നുകളിൽ ഉപയോഗിക്കാൻ പാടില്ലാത്ത ഒരു വ്യാവസായിക രാസവസ്തുവാണ്.
ഇത് സാധാരണയായി ആന്റിഫ്രീസ് , ബ്രേക്ക് ഫ്ലൂയിഡുകൾ, മറ്റ് വ്യാവസായിക ലായകങ്ങൾ എന്നിവ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്.
ചില മരുന്നുകളിൽ ചേരുവകൾ ലയിപ്പിക്കാനായി ഉപയോഗിക്കുന്ന സുരക്ഷിതമായ ലായകങ്ങളായ പ്രൊപിലീൻ ഗ്ലൈക്കോളിന് , അല്ലെങ്കിൽ ഗ്ലിസറിൻ പകരമായി, ചെലവ് കുറഞ്ഞതും എന്നാൽ വിഷാംശമുള്ളതുമായ DEG ഉപയോഗിക്കുമ്പോഴോ, അല്ലെങ്കിൽ സുരക്ഷിതമായി ഉപയോഗിക്കുന്ന ലായകത്തിൽ DEG കലർന്ന് പോകുമ്പോഴോ ആണ് ഇത് മരുന്നിൽ എത്തുന്നത്.
മരുന്നുകളിൽ DEG-യുടെ അനുവദനീയമായ പരമാവധി അളവ് 0.1% ആണ്.
എന്നാൽ ഈ ഇന്ത്യൻ സിറപ്പുകളിൽ ഇത് വളരെ ഉയർന്ന അളവിൽ കൃത്യമായി പറഞ്ഞാൽ കോൾഡ്രിഫിൽ 48.6%, റെസ്പിഫ്രഷിൽ 1.3%, റീലൈഫിൽ 0.6% കണ്ടെത്തി. അതായത്, അനുവദനീയമായ അളവിന്റെ 500 മടങ്ങ് വരെ കൂടുതലാണ് കോൾഡ്രിഫിൽ ഉണ്ടായിരുന്നത്.
DEG മനുഷ്യശരീരത്തിൽ എത്തിയാൽ, അത് വൃക്കകൾക്കും നാഡീവ്യൂഹത്തിനും ഗുരുതരമായ കേടുപാടുകൾ വരുത്തുന്ന വിഷ സംയുക്തങ്ങളായി മാറുന്നു…..ഇത് അക്യൂട്ട് കിഡ്നി പ്രശ്നങ്ങൾ , ഇത് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായി നിലയ്ക്കാൻ കാരണമാവുകയും, ചികിത്സ വൈകിയാൽ മരണത്തിലേക്ക് നയിക്കുകയും ചെയ്യും. മധ്യപ്രദേശിൽ മരിച്ച കുട്ടികളുടെ മരണകാരണം പ്രധാനമായും വൃക്കകൾ തകരാറിലായതാണ്…. തലവേദന, പക്ഷാഘാതം , കോമ എന്നിവ സംഭവിക്കാം…വയറുവേദന, ഛർദ്ദി, വയറിളക്കം, മൂത്രം പോകാതിരിക്കുക.
ഈ മരുന്നുകൾ കഴിച്ചതിനെ തുടർന്ന് കുട്ടികൾക്ക് സംഭവിച്ച മരണങ്ങളുടെ അടിസ്ഥാനത്തിലും, മരുന്ന് പരിശോധനയിൽ മാരകമായ അളവിൽ DEG കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലുമാണ് ലോകാരോഗ്യ സംഘടന ഇവ അപകടകരമാണെന്ന് പ്രഖ്യാപിച്ചത്. സുരക്ഷിതമല്ലാത്ത മരുന്നുകൾ വിപണിയിൽ നിന്ന് നീക്കം ചെയ്യുക, കൂടുതൽ പേർക്ക് വിഷബാധയേൽക്കുന്നത് തടയുക എന്നിവയാണ് WHO യുടെ മുന്നറിയിപ്പിന്റെ ലക്ഷ്യം.
കോൾഡ്രിഫ് സിറപ്പിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ അനുവദനീയമായതിന്റെ 500 മടങ്ങ് അളവിൽ അടങ്ങിയിരുന്നെന്ന് ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഡബ്ല്യു.എച്ച്.ഒയെ അറിയിച്ചിരുന്നു. ഇത്തരം മരുന്നുകളൊന്നും ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.മദ്ധ്യപ്രദേശിൽ മരിച്ച കുട്ടികൾക്ക് നൽകിയത് കോൾഡ്രിഫ് സിറപ്പാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് മരുന്നിന്റെ നിർമ്മാതാക്കളായ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസ് തമിഴ്നാട് സർക്കാർ അടച്ചുപൂട്ടിയിരുന്നു. കമ്പനി ഉടമ ജി. രംഗനാഥൻ അറസ്റ്റിലാവുകയും ചെയ്തു. കുട്ടികൾക്ക് മരുന്ന് കുറിച്ച ഡോക്ടർ പ്രവീൺ സോണിയെയും അറസ്റ്റ് ചെയ്തു. പ്രവീൺ സോണിക്ക് ഇന്നലെ കോടതി ജാമ്യം നിഷേധിച്ചു.