കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെടില്ല; സിനിമ വളച്ചൊടിക്കപ്പെട്ടതാണെന്ന് പറയാന്‍ മലയാളികള്‍ക്ക് അവകാശമുണ്ടെന്ന് ശശി തരൂര്‍
വിവാദ ചിത്രം ദി കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് ശശി തരൂര്‍ എംപി. എന്നാല്‍ ഈ സിനിമ വളച്ചൊടിക്കപ്പെട്ടതാണെന്ന് വിളിച്ചു പറയാനുള്ള അവകാശം മലയാളികള്‍ക്ക് ഉണ്ടെന്നും തരൂര്‍ പറഞ്ഞു. ദുരുപയോഗം ചെയ്യപ്പെടും എന്നതുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ട്വിറ്ററില്‍ തരൂര്‍ പറഞ്ഞു.
സിനിമയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തു വന്നതോടെയാണ് വിവാദം ശക്തമായത്. സിനിമ നിരോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. ഇതിനിടെയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.
സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയാല്‍ കൂടുതലാളുകള്‍ അത് ഒടിടിയില്‍ കാണുമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഇന്ന് വ്യക്തമാക്കിയിരുന്നു. വിവാദമായാല്‍ കൂടുതല്‍ തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടി വരുമെന്നും ഫിയോക് പ്രതിനിധികള്‍ പറഞ്ഞിരുന്നു.