സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പതിനൊന്ന് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്
സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് യെല്ലോ അലര്ട്ട് നല്കിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില് 12 ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില് ജാഗ്രതാ നിര്ദേശങ്ങളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്നു മുതല് ശനിയാഴ്ച വരെ കേരള-ലക്ഷദ്വീപ്-കര്ണാടക തീരങ്ങളില് മത്സ്യബന്ധനത്തിന് പോകാന് പാടില്ലെന്ന് നിര്ദേശം നല്കി. മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കര്ണാടക തീരം മുതല് വടക്കന് മഹാരാഷ്ട്ര തീരം വരെ നിലനില്ക്കുന്ന ന്യൂനമര്ദ്ദ പാത്തിയുടെയും അറബിക്കടലില് പടിഞ്ഞാറന് കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
Content Highlights: Monsoon, Rain, Alert, Yellow Alert, Kerala