ജവാന് റമ്മിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു; അര ലിറ്ററും പ്രീമിയവും വരുന്നു
ജവാന് റമ്മിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. അടുത്ത ബുധനാഴ്ച മുതല്‍ 12,000 കേയ്സായി ഉത്പാദനം ഉയര്‍ത്താനാണ് തീരുമാനം. നിലവില്‍ 8000 കേയ്സാണ് ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ബെവ്കോ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയര്‍ത്തിയിട്ടുണ്ട്.
മൂന്നു മാസത്തിനകം ജവാന്റെ അര ലീറ്ററും ജവാന് പ്രീമിയവും പുറത്തിറക്കാന്‍ ആലോചിക്കുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു. ജവാന്റെ ഒരു ലീറ്റര്‍ കുപ്പിയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. പുതുതായി ആരംഭിച്ച രണ്ടു ലൈനുകളിലേക്ക് ബ്ലന്‍ഡിങ് ലൈനുകള്‍ കൂട്ടിച്ചേര്‍ക്കുന്ന ജോലി ബുധനാഴ്ച പൂര്‍ത്തിയാകും. 1.5 ലക്ഷം കേയ്സ് ജവാന് റമ്മാണ് പ്രതിമാസം വില്‍ക്കുന്നത്.
മദ്യം നിര്‍മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇഎന്‍എ) സംഭരണം നിലവിലെ 20 ലക്ഷം ലീറ്ററില്‍നിന്ന് 35 ലക്ഷം ലീറ്ററാക്കി ഉയര്‍ത്താന്‍ അനുമതി തേടി ജവാന് റമ്മിന്റെ ഉല്‍പ്പാദകരായ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് സര്‍ക്കാരിനു കത്തു നല്കി. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ പ്രതിദിനം 15,000 കേയ്സ് മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.