രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജിയുടെ സ്ഥാനക്കയറ്റത്തിന് സ്റ്റേയില്ലെന്ന് സുപ്രീം കോടതി ജഡ്ജി എം ആര് ഷാ
രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ച ജഡ്ജിയുടെ സ്ഥാനക്കയറ്റത്തിന് സ്റ്റേയില്ലെന്ന് സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് എം ആര് ഷാ. ബാര്‍ ആന്‍ഡ് ബെഞ്ചിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച് എച്ച് വര്‍മ്മയുടെ സ്ഥാനക്കയറ്റത്തിന് സ്റ്റേയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. വര്‍മ്മയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചത് മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്നും ജസ്റ്റിസ് ഷാ ചൂണ്ടിക്കാട്ടി.
ജില്ലാ ജഡ്ജി തസ്തികയില്‍ 65 ശതമാനവും നിയമനം നടത്തേണ്ടത് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മെറിറ്റിന്റെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലായിരിക്കണം. ഈ ചട്ടങ്ങള്‍ പാലിക്കാതെയാണ് നിയമനം നടത്തിയതെന്നായിരുന്നു സ്ഥാനക്കയറ്റത്തിനെതിരെ ഹര്‍ജി നല്കിയവര് വാദിക്കുന്നത്. ഇത് കണക്കിലെടുത്താണ് സ്ഥാനക്കയറ്റം സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ എം.ആര് ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
മെറിറ്റില്‍ സ്ഥാനക്കയറ്റം ലഭിച്ച എച്ച്.എച്ച് വര്‍മ്മയുടെ സ്ഥാനക്കയറ്റത്തിന് വിധി ബാധകമല്ലെന്ന് ജസ്റ്റിസ് എം.ആര് ഷാ വ്യക്തമാക്കുകയാണ്. വര്‍മ്മയെ രാജ്കോട്ടിലെ അഡീഷണല്‍ ജില്ലാ ജഡ്ജിയായി നിയമിച്ച് ഉത്തരവ് ഇറക്കിയിരുന്നു. സ്റ്റേ ഇല്ലാത്തതിനാല്‍ തന്നെ വര്‍മ്മയ്ക്ക് ഇനി രാജ്കോട്ടിലെ അഡീഷണല്‍ ജില്ലാ ജഡ്ജിയായി തുടരാം.