വ്യാജരേഖാ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി കെ വിദ്യ
വ്യാജരേഖാ കേസിൽ പ്രതിയായ കെ വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. തനിക്കെതിരെയുള്ളത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കേസാണെന്നും കേസിൽ താൻ നിരപരാധിയാണെന്നും വിദ്യ ജാമ്യാപേക്ഷയിൽ പറയുന്നു. വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷ നൽകിയത്. വിഷയത്തിൽ കോടതി പോലീസിനോട് വിശദീകരണം തേടി.
ജോലി നേടാനായി വ്യാജരേഖ ചമച്ച് അഭിമുഖത്തിനു ഹാജരാക്കിയെന്നു പാലക്കാട് അട്ടപ്പാടി ഗവ. കോളജ്, കാസർകോട് നീലേശ്വരം കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽമാർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുപ്രകാരമാണു വിദ്യയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. വിദ്യയുടെ തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിൽ നീലേശ്വരം പൊലീസും അഗളി പൊലീസും പരിശോധന നടത്തിയിരുന്നു.
വ്യാജരേഖ നിർമാണത്തിൽ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്നും പോലീസ് തനിക്കെതിരെ ചുമത്തിയ കുറ്റം നിലനിൽക്കില്ലെന്നുമാണ് വിദ്യ ജാമ്യാപേക്ഷയിൽ പറയുന്നത്. വ്യാജരേഖ ഉപയോഗിച്ച് ജോലി സമ്പാദിക്കുകയോ അതിൽ നിന്ന് സാമ്പത്തിക ലാഭം നേടുകയോ ചെയ്തിട്ടില്ല.
അതിനാൽ കേസ് നിലനിൽക്കില്ലെന്നും കേസിന്റെ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വിദ്യ പറയുന്നു. കോടതി മുന്നോട്ടുവെക്കുന്ന ഏത് വ്യവസ്ഥയും അംഗീകരിക്കും. താൻ അവിവാഹിതയാണെന്നും തന്റെ ഭാവി മുൻനിർത്തി ജാമ്യം നൽകണമെന്നും വിദ്യ കോടതിയോട് ആവശ്യപ്പെടുന്നു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.