അമ്മയെ പരിപാലിക്കാത്ത മകനുളള സമൂഹത്തില്‍ ജീവിക്കുന്നത് അപമാനമായി കരുതുവെന്ന് കോടതി

അമ്മയെ പരിപാലിക്കാത്ത മകന് മനുഷ്യനല്ലെന്ന് കേരളാ ഹൈക്കോടതി. കൊല്ലം സ്വദേശിയായ മകന് നല്കിയ ഹര്‍ജി തളളിയ ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 100 വയസ്സായ അമ്മയ്ക്ക് മകന് മാസം 2000 രൂപ വീതം ജീവനാംശം നല്‍കണമെന്ന കൊല്ലം കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കൊണ്ട് യുവാവ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശം .ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന് ആണ് വികാരാധീനമായ പരാമർശം നടത്തിയത്
ജീവനാംശം നല്കാന് അമ്മയ്ക്ക് മറ്റു മക്കള്‍ ഉളളതിനാല്‍ താന്‍ ജീവനാംശം നല്‍കേണ്ടതില്ല എന്ന മകന്റെ വാദം നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന് വ്യക്തമാക്കി. യുവാവ് ഹര്‍ജി നല്കുന്ന സമയത്ത് അമ്മയ്ക്ക് 92 വയസ്സായിരുന്നു. ഇപ്പോള്‍ അമ്മയ്ക്ക് നൂറു വയസ്സായുണ്ട്. മകനില്‍ നിന്നും സഹായ സംരക്ഷണം ലഭിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ് അമ്മയ്ക്ക്. 2000 രൂപ അമ്മയ്ക്ക് നല്കാന് പോരാടുന്ന മകനുളള സമൂഹത്തില്‍ ജീവിക്കുന്നത് അപമാനമായി കരുതുന്നെന്നും കോടതി നീരിക്ഷിച്ചു.
എന്നാല്‍, അമ്മ തനിക്കൊപ്പം താമസിക്കാന്‍ തയ്യാറാണെങ്കില്‍ കൂടെ കൂട്ടാന്‍ തയ്യാറാണെന്ന് മകന് കോടതിയെ അറിയിച്ചു. അമ്മയ്ക്ക് എതിരായല്ല കേസ് നടത്തിയിരുന്നത്. സ്വാര്‍ഥ താല്പര്യം മൂലം സഹോദരന് എതിരെയായിരുന്നു കേസെന്നും ഹര്ജിക്കാരന് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ യുവാവിന്റെ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. എന്തൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും ജീവനാംശം ആവശ്യപ്പെട്ട് അമ്മയെ കോടതി വരെ വരുത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് കോടതി മറുപടി നല്കി.
ഏതൊരാളുടെയും വീടെന്ന് പറയുന്നത് അമ്മയാണ്. വളര്‍ന്നു വലുതായി വിവാഹിതനായി കഴിയുമ്ബോഴും മകന് അമ്മയ്ക്ക് മകന് അല്ലാതാകുന്നില്ല. എത്ര വയസ്സായലും മകന് അമ്മയെ നോക്കേണ്ടതുണ്ട്. ഹര്‍ജിക്കാന്റെ അമ്മയ്ക്ക് വേറെ മക്കളുണ്ടായിരിക്കാം. അവര്‍ അമ്മയെ നോക്കുന്നില്ലെങ്കിലും മോശമായി പെരുമാറുന്നുണ്ടെങ്കിലും ഹര്ജിക്കാരന് അത് നോക്കേണ്ട കാര്യമുണ്ടായിരുന്നില്ലയെന്നും കോടതി യുവാവിന് മറുപടി നല്കി. എല്ലാം അമ്മമാര്‍ക്കും പ്രായമാകും. അപ്പോള്‍ അവരുടെ പെരുമാറ്റവും സ്വഭാവവും മാറിയേക്കാം. കൊച്ചു കുട്ടികളെ പോലെ പെരുമാറിയേക്കാം. ആ സമയത്ത് അവരെ ആശ്വസിപ്പിക്കേണ്ടതും മനസിലാക്കേണ്ടതും ക്ഷമിക്കേണ്ടതും മക്കളാണ്. മക്കളുടെ വിജയം അതിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.