ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ; ഹര്‍ജി നല്‍കിയത് നിര്‍മാതാവ്
ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. നിർമാതാവും കൊച്ചി സ്വദേശിയുമായ സജിമോൻ പറയില്‍ നല്കിയ ഹർജിയെ തുടർന്നായിരുന്നു സ്റ്റേ. റിപ്പോർട്ട് പുറത്തുവിടാൻ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു കോടതിയുടെ ഇടപെടല്‍.
ഒരാഴ്ചത്തേക്കാണ് സ്റ്റേ നല്‍കിയിരിക്കുന്നത്. എതിർകക്ഷികള്‍ സത്യവാങ്മൂലം നല്‍കണം. എതിർ കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്തമാസം ഒന്നിന് ഹർജി വീണ്ടും പരിഗണിക്കും.
റിപ്പോർട്ട് പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. അബ്ദുല്‍ ഹക്കീമിന്റെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സജിമോൻ നല്കിയ ഹർജിയിലെ പ്രധാന ആവശ്യം. റിപ്പോർട്ട് പുറത്തുവരുന്നത് സിനിമാ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകുമെന്ന് ഹർജിയില്‍ പറഞ്ഞിരുന്നു. തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടതാതെ വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ ജീവനുപോലും അപകടമുണ്ടാകുന്നതാണ് റിപ്പോർട്ട് പുറത്തുവിടാനുള്ള തീരുമാനമെന്നും ഹർജിയില്‍ പറഞ്ഞിരുന്നു.
ആർ.ടി.ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നായിരുന്നു വിവരാവകാശ കമ്മിഷൻ നിർദ്ദേശം. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനാണ് ജസ്റ്റിസ് ഹേമ കമ്മിഷനെ നിയോഗിച്ചത്.2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇത് പുറത്തുവിട്ടിരുന്നില്ല.