മസാല ബോണ്ട് കേസില്‍ ഇടപെടാതെ ഹൈക്കോടതി; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി
മസാല ബോണ്ട് കേസില്‍ ഇടപെടാതെ ഹൈക്കോടതി. മുൻ ധനമന്ത്രി തോമസ് ഐസക്കിനെ കിഫ്ബി മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തില്‍ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ ജെ ദേശായി,ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ബുധനാഴ്ച സിംഗിള്‍ ബെഞ്ച് പരിഗണിക്കാനിരിക്കുന്ന കേസില്‍ ഇടപെടേണ്ടതില്ല എന്ന് വ്യക്തമാക്കിയത്.
കേരളത്തില്‍ തെരഞ്ഞെടുപ്പ് അവസാനിച്ചെന്നും അതിനാല്‍ മുൻ ധനമന്ത്രിയായ തോമസ് ഐസക്കിനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയും ചോദ്യം ചെയ്യാൻ തോമസ് ഐസക്കിനെ വിളിപ്പിക്കരുതെന്ന് സിംഗിള്‍ ബെഞ്ച് ജഡ്ജി ടി ആർ രവി ഉത്തരവിട്ടിരുന്നു.
ഇടക്കാല ഉത്തരവിന്റെ കാലാവധിയും തിരഞ്ഞെടുപ്പും കഴിഞ്ഞതിനാല്‍ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇതില്‍ ഇടപെടാൻ തയ്യാറായില്ല. മസാല ബോണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച രേഖകള്‍ പരിശോധിച്ച കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കേസില്‍ ഇടപെടാതിരുന്നത്.