ദേശീയപാത അതോറിറ്റിക്കും നിർമാണ കമ്പനിക്കും കനത്ത തിരിച്ചടി നൽകി സുപ്രീംകോടതി

ദേശീയപാത അതോറിറ്റിക്കും നിർമാണക്കമ്ബനിക്കും കനത്ത തിരിച്ചടി നൽകി സുപ്രീംകോടതി. ഗതാഗതക്കുരുക്കിന് പരിഹാരംകാണാൻ സാധിച്ചില്ലെന്നുകാട്ടി തൃശ്ശൂർ പാലിയേക്കരയിലെ ടോള്‍പിരിവ് നാലാഴ്ചത്തേക്ക് വിലക്കിയ ഹൈക്കോടതി വിധി ശരിവെച്ചിരിക്കുകയാണ് സുപ്രീംകോടതി.
ദേശീയപാതാ അതോറിറ്റിയും കരാർക്കമ്ബനിയും നല്കിയ അപ്പീല്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ മൂന്നംഗബെഞ്ച് വിധിപറഞ്ഞത്. സുരക്ഷിതമായി യാത്രചെയ്യാനുള്ള ജനങ്ങളുടെ അവകാശത്തെ തകർത്ത് തരിപ്പണമാക്കിയ ദേശീയപാത അതോറിറ്റിക്കും നിർമാണക്കമ്ബനിക്കും കിട്ടിയ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിവിധി. ദേശീയപാത 544-ല്‍ മണ്ണുത്തി-ഇടപ്പള്ളി മേഖലയില്‍ ചെയ്തുകൂട്ടിയിരിക്കുന്നത് കോടതിക്ക് ബോധ്യമായതോടെ കരാർ കമ്ബനിയുടെ വാദങ്ങളെല്ലാം അസ്ഥാനത്തായി.
ഘട്ടംഘട്ടമായി അടിപ്പാത/മേല്‍പ്പാലങ്ങളുടെ നിർമാണം നടത്തണമെന്ന പ്രാഥമിക ധാരണപോലും ദേശീയപാത അതോറിറ്റി പാലിച്ചില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കിലോമീറ്ററുകള്‍ പിന്നിടുന്ന ഗതാഗതക്കുരുക്കിന് എന്ത് ചെയ്തെന്ന ചോദ്യത്തിന് ആർക്കും ഉത്തരവുമില്ല. എന്നിട്ടും ഗതാഗതക്കുരുക്കില്ലെന്ന് സ്ഥാപിക്കാനും വീഴ്ചകള്‍ മറയ്ക്കാനുമാണ് ദേശീയപാത അതോറിറ്റി ശ്രമിച്ചത്.
ദേശീയപാതയില്‍ പണി തുടങ്ങിയപ്പോള്‍ത്തന്നെ നാട്ടുകാരും ജനപ്രതിനിധികളുമെല്ലാം പങ്കുവെച്ച ആശങ്കകളെല്ലാം വെള്ളത്തിലായി. എല്ലാം പരിഗണിക്കാമെന്നു പറഞ്ഞ് ദേശീയപാത അതോറിറ്റിയും നിർമാണക്കമ്ബനിയും പണി തുടങ്ങി. ബാക്കിയൊക്കെ നാട്ടുകാർ അനുഭവിക്കുകയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് യോഗങ്ങള്‍ നടത്തി.
നിർമാണ പുരോഗതി കളക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തി. പരാതി പരിഗണിക്കുമെന്ന ഉറപ്പ് ഓരോ യോഗത്തിലും ഉണ്ടായെങ്കിലും ഒന്നും നടന്നില്ല. നിർദേശങ്ങള്‍ പാലിച്ച് ദേശീയപാത അതോറിറ്റി ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാത്തപക്ഷം പാലിയേക്കര ടോള്‍പ്ലാസയിലെ ടോള്‍പിരിവ് നിർത്തിവെക്കുമെന്നും പലവട്ടം താക്കീത് ചെയ്തു. പരാതി ശക്തമായതോടെ കളക്ടർ ടോള്‍ നിർത്തിവെക്കാൻ ഉത്തരവിട്ടു. എന്നാല്‍, 24 മണിക്കൂറിനുള്ളില്‍ത്തന്നെ ഉത്തരവ് പിൻവലിച്ചു.