അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ല, ഒറ്റക്ക് ജീവിക്കാൻ ഇഷ്ടം; മെഡിക്കൽ ബോർഡ് റിപ്പോർട്ട്
പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. തൃശ്ശൂർ മെഡിക്കൽ കോളജിലെ വിദഗ്ദ്ധ ഡോക്ടർമാരുൾപ്പെട്ട മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും സംസ്ഥാന സർക്കാർ കോടതിക്ക് നൽകിയിട്ടുണ്ട്.
മാനസിക പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൾ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ആത്മഹത്യ ചെയ്യാനുള്ള ആലോചനയുമില്ല. ഒറ്റക്ക് ജീവിക്കാനാണ് ഇഷ്ടം തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ആരൊക്കെയോ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന സംശയം അമീറുൾ പരിശോധനയ്ക്കിടെ പ്രകടിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്.
തൃശ്ശൂർ മെഡിക്കൽ കോളജിലെ മനഃശാസ്ത്രജ്ഞർ, മനോരോഗ വിദഗ്ധർ, ന്യൂറോളജിസ്റ്റ് എന്നിവർ അടങ്ങുന്ന മെഡിക്കൽ ബോർഡാണ് അമീറുൾ ഇസ്ലാമിനെ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. 2017 മുതൽ തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലാണ് അമീറുൾ ഇസ്ലാം. ജോലിയിൽ കൃത്യമാണെന്നും ജയിൽ സൂപ്രണ്ട് റിപ്പോർട്ടിൽ പറയുന്നുണ്ട്.
പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. അമീറുൾ ഇസ്ലാമിന്റെ മനശാസ്ത്ര, സ്വഭാവ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് മനശാസ്ത്ര, സ്വഭാവ സർട്ടിഫിക്കറ്റ് സുപ്രീം കോടതിക്ക് കൈമാറിയത്.