എഴുത്തച്ഛന് പുരസ്കാരം കെജി ശങ്കരപ്പിള്ളയ്ക്ക്
2025ലെ എഴുത്തച്ഛന് പുരസ്കാരം കവി കെ ജി ശങ്കരപ്പിള്ളയ്ക്ക്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്തച്ഛന്റെ പേരിലുള്ള പുരസ്കാരം ഏതൊരു സാഹിത്യകാരന്റേയും സ്വപ്നമാണെന്ന് കെ ജി ശങ്കരപ്പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ ചരിത്രവും സംസ്കാരവും ഹാസ്യവും ഒക്കെ അടങ്ങുന്ന മനോഹരമായ കവിതകളിലൂടെയാണ് കെജി ശങ്കരപ്പിള്ള മലയാളികളുടെ പ്രിയകവിയായത്. ആധുനിക മലയാള കവിതയുടെ മുഖമായാണ് സാഹിത്യലോകം കെജിഎസ് കവിതകളെ പരിഗണിക്കുന്നത്. 1947ല്‍ കൊല്ലം ജില്ലയിലെ ചവറയിലാണ് കെജിഎസിന്റെ ജനനം. കൊച്ചിയിലെ വൃക്ഷങ്ങള്‍, ബംഗാള്‍, അയോധ്യ, കഷണ്ടി, നന്നങ്ങാടികള്‍, കെജിഎസ് കവിതകള്‍ മുതലായവയാണ് പ്രധാന കൃതികള്‍. 1998ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനും 2002ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും അര്‍ഹനായിട്ടുണ്ട്.













