ശ്രീകൃഷ്ണൻ വെണ്ണ കട്ട് തിന്നിട്ടില്ല, അത് കംസൻ എന്ന ഏകാധിപതിക്കെതിരെ നടത്തിയ വിപ്ലവം; കൃഷ്ണൻ കള്ളനല്ലെന്ന് തെളിയിക്കാൻ ബിജെപിയുടെ ക്യാമ്പയിൻ തുടങ്ങുന്നു

നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് വലിയൊരു വിപ്ലവം കൊണ്ട് വരാൻ ഒരുങ്ങുകയാണ് മധ്യപ്രദേശ് സർക്കാർ. ജനങ്ങൾക്ക് ആവശ്യമായ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ ഉള്ളപ്പോളും ദൈവമായ ശ്രീകൃഷ്ണന്റെ മാനം രക്ഷിക്കാനാണ് സർക്കാർ രംഗത്ത് ഇറങ്ങുന്നത്.
ഹിന്ദു ദൈവമായ ശ്രീകൃഷ്ണനെ വെണ്ണക്കള്ളൻ എന്ന് വിളിക്കുന്നതിനെതിരെ ഒരു ക്യാംപയിൻ ആരംഭിക്കാൻ ഒരുങ്ങുകയാണ് മധ്യപ്രദേശ് സർക്കാർ. കൃഷ്ണൻ്റെ കഥകൾ മോഷണത്തെയല്ല, വിപ്ലവത്തെയാണ് സൂചിപ്പിക്കുന്നത് എന്ന കാര്യം ജനങ്ങൾക്ക് വ്യക്തമാക്കുന്നതിനാണ് ഈ ക്യാംപയിൻ.
കൃഷ്ണൻ വെണ്ണകുടം പൊട്ടിച്ചതും, വെണ്ണ കട്ട് തിന്നതും തൻറെ അമ്മാവനും സ്വേച്ഛാധിപതിയുമായ കംസനെതിരെയുള്ള നിലപാടായിരുന്നുവെന്നും, അതിനെ മോഷണമായി ആരും കാണരുതെന്നും ജന്മാഷ്ടമി ദിനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
സമ്പന്നമായ ഒരു കുടുംബത്തിൽ ജനിച്ച കൃഷ്ണന് മോഷ്ടിക്കേണ്ടി വന്നിരുന്നില്ലെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. മോഷണത്തിനു പകരം പ്രതീകാത്മകമായ ഒരു പ്രവൃത്തിയായി ജനങ്ങൾ ഇതിനെ കാണുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ടി അവിടെ വെച്ച് തന്നെ മുഖ്യമന്ത്രി പരസ്യമായി വെണ്ണ കഴിക്കുകയും ചെയ്തു.
“ഗോകുലത്തിൽ ആയിരക്കണക്കിന് പശുക്കൾ ഉണ്ടായിരുന്നു. അവിടെ നിന്നുള്ള വെണ്ണയാണ് കംസന്റെ അടുത്തേക്ക് കൊണ്ടുപോകുന്നത്. അപ്പോളാണ് കൃഷ്ണൻ തന്റെ ആളുകളോട് ”നിങ്ങളുടെ വെണ്ണ നിങ്ങൾ കഴിക്കൂ, എന്നിട്ട് ആ പാത്രം പൊട്ടിക്കൂ എന്ന് പറഞ്ഞത്. ഇത് മോഷണമല്ല, മറിച്ച് ചെറുത്തുനിൽപ്പിന്റെ സന്ദേശമാണ് നൽകുന്നത്. കൃഷ്ണന്റെ കഥ സ്നേഹത്തെക്കുറിച്ചും അനീതിക്കെതിരായ പ്രതിഷേധത്തെക്കുറിച്ചുമാണ്, മോഷണത്തെക്കുറിച്ചല്ല,” എന്നും മോഹൻ യാദവ് പറയുന്നു.
വെണ്ണക്കള്ളൻ എന്ന പേര് ഒഴിവാക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾ സംസ്ഥാന സാംസ്കാരിക വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. “കംസന്റെ നയങ്ങൾക്കെതിരായ കൃഷ്ണന്റെ കലാപമായിരുന്നു വെണ്ണപൊട്ടിക്കൽ എന്ന് ഞങ്ങൾ ജനങ്ങളോട് പറയും. സന്യാസിമാരും മഹാന്തും ‘ വെണ്ണക്കള്ളൻ ‘ ടാഗ് ഉപേക്ഷിക്കാൻ സമ്മതിച്ചിട്ടുണ്ട്,” എന്ന് മുഖ്യമന്ത്രിയുടെ സാംസ്കാരിക ഉപദേഷ്ടാവ് ശ്രീറാം തിവായും പറഞ്ഞു. എഴുത്തുകാർ, കവികൾ കഥാകൃത്തുക്കൾ, പുരോഹിതന്മാർ, മതനേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
എന്നാൽ ഈ സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിക്കുകയാണ് പ്രതിപക്ഷം. വോട്ട് കൊള്ള മറയ്ക്കാനുള്ള മറ്റൊരു അടവ് മാത്രമാണ് ഇതെന്നാണ് കോൺഗ്രസ് നേതാവ് ഉമാങ് സിംഗ് പറയുന്നത്.
ദൈവം വെണ്ണ മോഷ്ടിച്ചിട്ടില്ലെന്ന് ഞങ്ങൾക്കും തോന്നുന്നുണ്ട്, പക്ഷേ തന്റെ സർക്കാർ രൂപീകരിക്കാൻ മുഖ്യമന്ത്രി എങ്ങനെയാണ് വോട്ട് മോഷ്ടിച്ചതെന്ന് വിശദീകരിക്കണമെന്നും ഉമാങ് സിങ് ആവശ്യപ്പെട്ടു.
ഉത്തര്പ്രദേശ്, മഹാരാഷ്ട്ര , ബിഹാര്, പശ്ചിമ ബംഗാള്, മധ്യപ്രദേശ് എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യമുള്ള സംസ്ഥാനങ്ങൾ. അതിൽ തന്നെ കുടിവെള്ളം പോലും ആവശ്യത്തിന് ലഭിക്കാത്ത ഒരിടമാണ് മധ്യപ്രദേശ്. പഴയതിലുംസ്ഥിതിഗതികൾ ഇപ്പോൾ മെച്ചമായി വരുന്നുണ്ടെങ്കിലും ശുദ്ധജലം ഇപ്പോളും ഒരു ആഡംബരമാണ് പലയിടത്തും.
വജ്രനിക്ഷേപത്തിനു പേരുകേട്ട സ്ഥലമാണ് മധ്യപ്രദേശിലെ പന്നയെന്ന ജില്ല. പന്ന നഗരമുൾപ്പടെ 80 കിലോമീറ്റളോളം ചുറ്റളവിലുള്ള ഒരു ബെൽറ്റിലാണ് വജ്രനിക്ഷേപം ഉള്ളത്. എന്നാൽ വജ്രക്കല്ലുകളുടെ ദേശമെന്ന് പുറം ലോകത്ത് അറിയപ്പെടുന്ന ഈ ദേശത്തിന് മറ്റൊരു മുഖം കൂടിയുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും പിന്നാക്കവസ്ഥയിലുള്ള പ്രദേശം, ദാരിദ്ര്യം, ജല ദൗർലഭ്യം, തൊഴിലില്ലായ്മ തുടങ്ങിയവ രൂക്ഷമായ പ്രദേശമാണിത്.
കുടിക്കാൻ ഒരു തുള്ളി ശുദ്ധജലം പോലും ലഭിക്കാൻ ബുദ്ധിമുട്ടുന്ന ആ നാട്ടുകാർ വെളുപ്പിന് മുതൽ മണ്ണരിക്കാൻ പോകും. എന്തെങ്കിലും കിട്ടിയാൽ സർക്കാരിൽ നിന്നും അതിന്റെ വിഹിതമായി ചെറിയൊരു തുക കിട്ടും. അതുകൊണ്ടാണ് അവർ ജീവിച്ച് പോകുന്നത്.
ഇങ്ങനെയുള്ള ഒരു നാട്ടിലാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ, വേറൊന്നും ചെയ്യാൻ ഇല്ലാത്ത പോലെ ശ്രീകൃഷ്ണനെ വിശുദ്ധൻ ആക്കാനുള്ള കാമ്പയിൻ തുടങ്ങാൻ പോകുന്നത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ദൈവം എന്ന പേര് ഉയർത്തിക്കാണിച്ച് എന്ത് ചെയ്താലും, അത് വോട്ടായി തങ്ങളുടെ പെട്ടിയിൽ വീഴുമെന്ന് അവർക്കറിയാം. വോട്ടിൽ കൃത്രിമം കാണിച്ചല്ല ബിജെപി ജയിക്കുന്നത്. വടക്കോട്ടുള്ള ജനങ്ങളെ എങ്ങനെ സ്വാധീനിക്കണമെന്ന് അവർക്ക് നന്നായി അറിയാം. അതിനായി എന്ത് നാണം കെട്ട കളിക്കും അവർ തയ്യാറാണ്.