പാകിസ്താനിലേക്ക് അബദ്ധത്തില്‍ ബ്രഹ്മോസ് തൊടുത്ത സംഭവം: കാരണം കോടതിയില്‍ വിശദീകരിച്ച് വ്യോമസേന
പാകിസ്താനിലേക്ക് അബദ്ധത്തില്‍ ബ്രഹ്മോസ് തൊടുത്ത സംഭവത്തിന് പിന്നിലെ യഥാർഥ കാരണം ഡല്‍ഹി ഹൈക്കോടതിയില്‍ വിശദീകരിച്ച് വ്യോമസേന.
ജങ്ഷൻ ബോക്സുമായി ബ്രഹ്മോസ് മിസൈലിന്റെ കോമ്ബാറ്റ് കണക്റ്റേഴ്സിന്റെ ബന്ധം വിച്ഛേദിക്കാതിരുന്നതിനാലാണ് അബദ്ധത്തില്‍ തൊടുത്തത് എന്നാണ് വിശദീകരണം. വീഴ്ചയ്ക്ക് ഉത്തരവാദികളായ മൂന്ന് പേരെ സേനയില്‍നിന്ന് പിരിച്ചുവിട്ടെന്നും വ്യോമസേന ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
2022 മാർച്ചിലാണ് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പാകിസ്താനിലെ മിയാൻ ചുന്നു പട്ടണത്തില്‍ പതിച്ചത്. ഇസ്ലാമബാദില്‍നിന്ന് 500 കിലോമീറ്റർ അകലെയുള്ള പട്ടണമാണ് മിയാൻ ചുന്നു. ഇന്ത്യൻ അതിർത്തിയില്‍നിന്ന് 125 കിലോമീറ്റർ അകലെയാണിത്. മിസൈലില്‍ സ്ഫോടകവസ്തു ഇല്ലാതിരുന്നതിനാല്‍ വൻദുരന്തമൊഴിവായി. ഒരു വീടുള്‍പ്പെടെയുള്ള വസ്തുവകകളാണ് തകർന്നത്.
സംഭവത്തില്‍ പാകിസ്താൻ പ്രതിഷേധം അറിയിച്ചിരുന്നു. പതിവായി നടത്തുന്ന അറ്റകുറ്റപ്പണികള്‍ക്കിടയില്‍ ഉണ്ടായ സാങ്കേതിക തകരാർ കാരണമാണ് ബ്രഹ്മോസ് മിസൈല്‍ അബദ്ധത്തില്‍ തൊടുത്തത് എന്ന് ഇന്ത്യ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് വിശദ അന്വേഷണത്തിന് കോർട്ട് ഓഫ് ഇൻക്വയറിക്ക് ഉത്തരവിടുകയും ചെയ്തിരുന്നു.