പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ അവസാന സ്വാതന്ത്ര്യദിന പ്രസംഗം; മമത ബാനര്‍ജി
നരേന്ദ്ര മോദിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി എന്ന നിലയില്‍ അവസാനത്തേതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ വിജയിക്കുമെന്നും രാജ്യത്തുടനീളം ബി.ജെ.പിയെ തകര്‍ക്കുമെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നിശ്ചയമായും ബി.ജെ.പിയെ പരാജയപ്പെടുത്തും. പ്രധാനമന്ത്രി മോഹം ഇല്ലെന്നും, രാഷ്ട്രീയ സ്ഥാനത്തെക്കാള്‍ ബി.ജെ.പി സര്‍ക്കാറിനെ പുറത്താക്കലാണ് പ്രധാന ലക്ഷ്യമെന്നും മമത ബാനര്‍ജി അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും റാഫേലും 2000 രൂപയുടെ നോട്ട് നിരോധിച്ചതുമൊക്കെ അതില്‍ ഉള്‍പ്പെടുന്നവയാണെന്നും ബംഗാളില്‍ അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു