കൂപ്പുകുത്തി സെന്‍സെക്സ്, 75,000ല്‍ താഴെ; 700 പോയിന്റിന്റെ നഷ്ടം

ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്സ് 700 ൽ അധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. ഇരു വിപണികളും 2024 സെപ്റ്റംബര്‍ അവസാനം രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഇതുവരെ 13 ശതമാനമാണ് ഇടിഞ്ഞത്.
ഉപഭോക്താക്കളുടെ ആവശ്യകത കുറഞ്ഞതും താരിഫ് ഭീഷണികളും അമേരിക്കയില്‍ വിപണി ഇടിയാന്‍ കാരണമാക്കിയിരുന്നു. ഇതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് ഉയര്‍ത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം നിക്ഷേപകര്‍ ആശങ്കയോടെയാണ് കാണുന്നത്. അമേരിക്കയില്‍ ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് അമേരിക്കന്‍ വിപണിയെ സ്വാധീനിച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.