എംപിയെ നല്‍കിയിട്ടും കാര്യമില്ല, കേരളത്തിലെ ജനങ്ങളെ പറ്റിച്ച് സുരേഷ് ഗോപിയും ബിജെപിയും
നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയശേഷമുള്ള ആദ്യ ബജറ്റില്‍ കേരളത്തോട് പൂര്‍ണ അവഗണന. മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം വേണ്ടുവോളം നല്കിയപ്പോള് കേരളം എന്നൊരു വാക്കുപോലുമില്ലാതെയാണ് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവസാനിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നതിനാല്‍ നിതീഷ് കുമാറിന്റെ ബിഹാറിനും ചന്ദ്രബാബു നായിഡുവിന്റെ ആന്ധപ്രദേശിനും സഹസ്രകോടികളും എണ്ണമറ്റ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു.
ഒരു ദേശീയ ബജറ്റാണിത് എന്ന് പറയാന്‍ കഴിയില്ലെന്നും കേരളത്തോട് കാണിച്ചത് കടുത്ത വിവേചനമാണെന്നും കെ രാധാകൃഷ്ണന് എംപി പറഞ്ഞു. 24,000 കോടി രൂപയുടെയെങ്കിലും അധിക പാക്കേജ് നല്‍കണമെന്ന് സംസ്ഥാനം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. പല തരത്തിലുള്ള ദുരന്തങ്ങളെ നേരിട്ടുകൊണ്ടാണ് കേരളം മുന്നോട്ട് പോകുന്നത്. സാമ്ബത്തികമായി വലിയ പ്രയാസം നേരിടുന്നുണ്ട്. അത് കേന്ദ്രം വരുത്തിവച്ച വിനയാണ്. ഇതിന് പരിഹാരമുണ്ടാക്കാന്‍ വേണ്ടിയാണ് പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതെങ്കിലും അത് ലഭിച്ചില്ലെന്നും എംപി ചൂണ്ടിക്കാട്ടി.
ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സഖ്യകക്ഷികളുടെ സമ്മര്‍ദങ്ങള്‍ക്ക് പൂര്‍ണ്ണായി വഴങ്ങി. ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പാക്കേജുകള്‍ക്ക് പുറമെ ബിഹാറിന് പുതിയ വിമാനത്താവളവും മെഡിക്കല്‍ കോളേജുകളും അനുവദിച്ചു. ബിഹാറില്‍ ദേശീയപാത വികസനത്തിന് 26,000 കോടി രൂപയാണ് വകയിരുത്തിയത്. സംസ്ഥാനത്തിന് സാമ്ബത്തിക ഇടനാഴി. റോഡ്, എക്സ്പ്രസ് ഹൈവേ. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി. അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍ ധനസഹായം തുടങ്ങി വന്‍ പദ്ധതികളും പ്രഖ്യാപിച്ചു.
ആന്ധ്രപ്രദേശിന് 15,000 കോടിയുടെ പ്രത്യേക സാമ്ബത്തിക പാക്കേജാണ് അനുവദിച്ചത്. ആന്ധ്രയിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കായ പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു.
കേരളത്തില്‍ നിന്നും ഒരു എംപിയെങ്കിലും ഉണ്ടായാല്‍ വന്‍ വികസനമുണ്ടാകുമെന്നും കേന്ദ്ര ഫണ്ടും പദ്ധതികളും ഇവിടെയത്തുമെന്നുമായിരുന്നു നേരത്തെ ബിജെപി പറഞ്ഞിരുന്നത്. വികസന വാഗ്ദാനങ്ങളുടെ പെരുമഴ നല്‍കിയാണ് തൃശൂരില്‍ നിന്നും സുരേഷ് ഗോപി ജയിച്ചുകയറിയതും. എന്നാല്‍, സുരേഷ് ഗോപി സഹമന്ത്രിയായ ടൂറിസത്തില്‍ കേരളത്തില്‍ പുതിയ പദ്ധതികളൊന്നും അനുവദിച്ചില്ല. എയിംസ് ഉള്‍പ്പെടെ കേരളത്തിന് അനുവദിക്കുമെന്ന സുരേഷ് ഗോപിയുടെ വാഗ്ദാനവും പാഴായി. കേരളത്തിലെ ജനങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായി കേന്ദ്ര ബജറ്റ്.