ഒരു കോടിയുടെ തട്ടിപ്പ്; പൂജാരിമാര്‍ പിടിയില്‍
ഒരു കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ക്ഷേത്ര പൂജാരിമാര്‍ അറസ്റ്റില്‍. ജ്വല്ലറികളില്‍നിന്നും വ്യക്തികളില്‍നിന്നും ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ പ്രതികളെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങല്‍ പാട്ടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിമാരായി സേവനമനുഷ്ഠിച്ചുവന്ന പഴയകുന്നുമ്മേല്‍ കുന്നുമ്മല്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ (25), ചേര്‍ത്തല നാഗം കുളങ്ങര നീലാട്ട് ഹൗസില്‍ ആദ്യ സൂര്യ നാരായണവര്‍മ എന്ന സുമേഷ് (34) എന്നിവരെയാണ് മൈസൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ജ്വല്ലറികളില്‍നിന്നും പല വ്യക്തികളില്‍നിന്നുമായി ഒരു കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയ പ്രതികള്‍ കം, തമിഴ്നാട് എന്നീ സ്ഥലങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയുകയായിരുന്നു.
പ്രതികള്‍ മൈസൂരുവില്‍ ഉണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ജയകുമാറിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ പൊലീസ് ഇൻസ്പെക്ടര്‍ തൻസീം അബ്ദുല്‍ സമദ്, എസ്.ഐ അഭിലാഷ്, എ.എസ്.ഐ രാജീവൻ, സി.പി.ഒ റിയാസ് എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.