രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്കിലെ 25 കടുവകളെ കാണാനില്ല
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ള വന്യജീവി സങ്കേതങ്ങളില്‍ ഒന്നാണ് രാജസ്ഥാനിലെ രണ്‍തംബോർ നാഷണല്‍ പാർക്ക്.
എന്നാല്‍, ഇവിടെയുള്ള 75 കടുവകളില്‍ 25 എണ്ണത്തിനെ കഴിഞ്ഞ ഒരു വർഷത്തിനിടെ കാണാനില്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ പവൻ കുമാർ ഉപാധ്യായ പാർക്ക് അധികൃതരെ അറിയിച്ചു. ഇത്രയധികം കടുവകളെ കാണാതായെന്ന് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. മുമ്ബ് 2019 ജനുവരി മുതല്‍ 2022 ജനുവരി വരെ രണ്‍തംബോറില്‍ നിന്ന് 13 കടുവകളെ കാണാതായിരുന്നു.
കടുവകളുടെ തിരോധാനം അന്വേഷിക്കാൻ വന്യജീവി വകുപ്പ് മൂന്നംഗ സമിതിക്ക് രൂപം നല്കി. രണ്ട് മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് പവൻ കുമാർ ഉപാധ്യായ പറഞ്ഞു. വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നിരീക്ഷണ കാമറകള്‍ അവലോകനം ചെയ്യുകയും പാർക്ക് ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ കണ്ടെത്തിയാല്‍ നടപടിക്ക് ശിപാർശ ചെയ്യുകയും ചെയ്യും. ഈ വർഷം മെയ് 17നും സെപ്റ്റംബർ 30നും ഇടയില്‍ കാണാതായ 14 കടുവകളെ കണ്ടെത്തുന്നതിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നവംബർ 4ന് രണ്‍തംബോറില്‍ നടത്തിയ നിരീക്ഷണത്തില്‍ കടുവകളെ കാണാതായതു സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ടുകള്‍ വന്നിരുന്നു. പാർക്കിന്റെ ഫീല്‍ഡ് ഡയറക്ടർക്ക് പലതവണ നോട്ടീസ് അയച്ചിട്ടും കാര്യമായ പുരോഗതികളൊന്നും ഉണ്ടായില്ല.