ഉത്തരേന്ത്യയില്‍ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം; കരസേന ഉപയോഗിക്കുന്ന പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍
ഉത്തരേന്ത്യയില്‍ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം നടന്നതായി സംശയം. ഉത്തരാഖണ്ഡിലെ റെയില്‍വേ പാളത്തില്‍ ഗ്യാസ് സിലിണ്ടർ കണ്ടെത്തി.
റൂർക്കിയില്‍ കരസേന ഉപയോഗിച്ചിരുന്ന റെയില്‍വേ പാളത്തിലാണ് സിലിണ്ടർ കണ്ടെത്തിയത്.
ധൻദേ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ 6.35ഓടെയാണ് സംഭവം നടന്നത്. BCNHL/32849 എന്ന ഗുഡ്സ് ട്രെയിൻ കടന്നുപോകുമ്ബോഴായിരുന്നു സംഭവം. ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റാണ് പാളത്തില്‍ സിലിണ്ടർ കിടക്കുന്നതായി സ്റ്റേഷനില്‍ വിവരമറിയിച്ചത്. കൃത്യസമയത്ത് ലോക്കോ പൈലറ്റ് ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തിയതിനാല്‍ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.
ബംഗാള്‍ എഞ്ചിനീയർ ഗ്രൂപ്പ് ആന്റ് സെന്ററിന് സമീപത്തായാണ് പാളത്തില്‍ ഗ്യാസ് സിലിണ്ടർ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സേനാ വാഹനങ്ങള്‍ പതിവായി കടന്നുപോകുന്ന റെയില്‍ പാളമാണിത്. സംഭവത്തില്‍ പ്രാദേശിക പൊലീസും റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചു.