”ഞങ്ങളെന്താ ഇന്ത്യക്കാർ അല്ലേ??” ജയിലിൽ പൊട്ടിക്കരഞ്ഞ് കന്യാസ്ത്രീകൾ; ക്രൈസ്തവ സമുദായം ബിജെപിക്ക് എതിരെ തിരിയുന്നു

മനുഷ്യക്കടത്തും, നിര്‍ബന്ധിത മത പരിവര്‍ത്തനവും അടക്കം, 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ ഇപ്പോൾ ഛത്തീസ്ഗഡിലെ ദുര്‍ഗ ജയിലിൽ അടച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും എംപിമാർ ജയിലിൽ ഇവരെ കാണാൻ എത്തിയിരുന്നു. അസുഖ ബാധിതരായ കന്യാസ്ത്രീകൾ വെറും തറയിലാണ് കിടക്കുന്നത്. അവരുടെ ആരോഗ്യശീതിയും മോശമാകുകയാണ്.
കന്യാസ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളിലും അന്യായമായി ജയിലില്‍ അടച്ചതിലും പ്രതിഷേധം ശക്തിപ്പെടുകയാണ്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നിഷേധിക്കുന്നതിന് അടക്കം ശ്രമം നടക്കുന്നതായാണ് ആരോപണം. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നു തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ പ്രതിഷേധ റാലി നടത്തും. വൈകുന്നേരം നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിക്കുന്ന റാലി രാജ്ഭവനു മുന്പില് സമാപിക്കും.
ക്രൈസ്തവ സഭാ അധ്യക്ഷന്മാർ, വൈദികര്‍, സന്യസ്തര്‍, അല്മായ സംഘടനകള്‍, വിശ്വാസികള്‍ എന്നിവര്‍ റാലിയിൽ പങ്കെടുക്കും. ബിജെപിയുടെ ഇരട്ടത്താപ്പ് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസും ഇടതുപക്ഷവും രംഗത്തിറങ്ങുകയും സഭാ നേതൃത്വങ്ങള്‍ നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ, ഛത്തീസ്ഗഡ് സംഭവം കേരള രാഷ്ട്രീയത്തെ ചൂടു പിടിപ്പിക്കുകയാണ്.
ബിജെപിയോട് അടുത്ത് നിന്ന സീറോ മലബാർ സഭയും ഇപ്പോൾ അവരുമായി അകലുകയാണ്. പ്രതിഷേധത്തിനു മൂര്‍ച്ച പോരെന്ന വിമർശനം വന്നതോടെ എല്ലാവരും ഒന്നിച്ച് നിൽക്കുകയാണ്.
അന്യായമായി തടവിലാക്കപ്പെട്ട കന്യാസ്ത്രീമാര്‍ പുറത്തിറങ്ങുന്നതുവരെ പ്രതിഷേധം തുടരുമെന്നു സിബിസിഐ പ്രസിഡന്റും അതിരൂപത ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചിട്ടുണ്ട്. ”ഇന്ത്യന്‍ ഭരണഘടനയെ ബന്ദിയാക്കരുത്. ക്രിസ്ത്യാനികള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം. മൂന്നു പെണ്‍കുട്ടികള്‍ക്കു തൊഴില്‍ നല്കാന് അവരുടെ മാതാപിതാക്കളുടെ അനുമതിയോടെ തയാറായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും ജയിലിലടച്ചതില്‍ രാജ്യം നാണിക്കണം. ഭരണഘടനയ്ക്കു വിരുദ്ധമായ നടപടിയാണിത്”.-എന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ഭരണകൂടം ക്രൈസ്തവര്‍ക്കെതിരേ നടത്തുന്ന വിവേചനത്തിന്റെ പ്രതീകമാണു ജയിലില്‍ അടയ്ക്കപ്പെട്ട കന്യാസ്ത്രീമാര്‍. സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍പോലും കഴിയാത്ത അവസ്ഥയായി. ആഗ്രയിലെ ആശുപത്രിയില്‍ ജോലിക്കായി കൊണ്ടുവന്നതാണു പ്രായപൂര്‍ത്തിയായ കുട്ടികളെ. ഇവരെ സഹോദരനാണ് റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. അവിടെവച്ചാണു കന്യാസ്ത്രീമാര്‍ കുട്ടികളെ ആദ്യമായി കാണുന്നത്. പല സഭകളുടെയും കൂട്ടായ്മയായ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (സിഎന്‍ഐ) എന്ന സഭയിലെ അംഗങ്ങളാണു കുട്ടികള്‍. മനുഷ്യക്കടത്തിനു ജാമ്യംകിട്ടുമെന്നറിഞ്ഞു കൊണ്ടാണ് മതപരിവര്‍ത്തനം എഫ്ഐആറില്‍ കൂട്ടിച്ചേര്‍ത്തതെന്നും – മാര്‍ താഴത്ത് പറഞ്ഞു.
ക്രൈസ്തവര്‍ക്കെതിരെ അതിക്രമം നടക്കുന്ന ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നതു ബിജെപിയായതിനാല്‍ പ്രതിഷേധ റാലിയുടെ മുന നീളുന്നത് ബിജെപിയിലേക്കാണ്. കേരളത്തില്‍ തങ്ങളുടെ രാഷ്ട്രീയ മോഹങ്ങള്‍ക്കു കനത്ത തിരിച്ചടി നല്‍കാനുള്ള പ്രഹരശേഷി ക്രിസ്ത്യൻ സമുദായത്തിന് ഉണ്ടെന്ന് ബിജെപി സംസ്ഥാന നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്. ഇത് കേന്ദ്ര നേതൃത്വത്തേയും അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ.
ക്രിസ്മസ് ഉള്‍പ്പെടെയുള്ള ആഘോഷവേളകളില്‍ സഭാ ആസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇപ്പോൾ കേരള ബിജെപി നേതാക്കളുടെ പതിവാണ്. സുരേഷ്ഗോപി കിരീടം കൊടുത്തും മുട്ടിൽ ഇഴഞ്ഞുമൊക്കെ വോട്ടു പിടിച്ചതും, ജോര്‍ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയതും ഒക്കെ ആ ബന്ധം ശക്തമാകിയെന്നാണ് ബിജെപി കരുതിയത്.
എന്നാൽ ഈയൊരു സംഭവത്തോടെ ക്രൈസ്തവ സമുദായം ഒറ്റക്കെട്ടായി നിൽക്കുകയാണ്. എന്നാൽ കന്യാസ്ത്രീകള്‍ നടത്തിയത് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആണെന്ന നിലപാടില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുകയാണ്. ചോദ്യം ചെയ്യുമ്പോൾ, വിദേശികളായ നിങ്ങൾ ഞങ്ങളുടെ രാജ്യത്ത് വന്നു ആളുകളെ മതം മാറ്റുന്നത് എന്തിനാണ് എന്ന് കന്യാസ്ത്രീകളോട് ചോദിച്ചിരുന്നു. ആ കാര്യം പറഞ്ഞാണ് ഈ രണ്ടു കന്യാസ്ത്രീകളും എംപിമാർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത്.