ഇന്ത്യൻ വലിയ ഉള്ളി വിപണിയിലെത്തുന്നു; വില കുറയും
കഴിഞ്ഞ രണ്ട് മാസത്തിനു ശേഷം ഒമാൻ വിപണിയില്‍ ഇന്ത്യൻ വലിയ ഉള്ളി വീണ്ടും സുലഭമാവുന്നു. ഇന്ത്യയില്‍ നിന്നുള്ള ഉള്ളികള്‍ ഉടൻ മാര്‍ക്കറ്റിലെത്തും.
ഇതോടെ വില കുറയുകയും ചെയ്യും. നിലവില്‍ ചൈന, തുര്‍ക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഉള്ളിയാണ് വിപണിയിലുള്ളത്. എന്നാല്‍, ഗുണ നിലവാരത്തില്‍ ഏറ്റവും മികച്ചതാണ് ഇന്ത്യൻ ഉള്ളികള്‍. അതിനാല്‍ ഉപഭോക്താക്കള്‍ പൊതുവെ ഇന്ത്യൻ ഉള്ളികളാണ് വാങ്ങുക. ഗുണനിലവാരത്തില്‍ രണ്ടാം സ്ഥാനം പാകിസ്താൻ ഉള്ളിക്കാണ്. ചൈന, തുര്‍കിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉള്ളികള്‍ പൊതുവെ ഉപഭോക്താക്കള്‍ ഇഷ്ടപ്പെടാറില്ല. ഈ ഉള്ളികളില്‍ ജലാംശം കൂടുതലായതിനാല്‍ ചില ഭക്ഷണങ്ങള്‍ പാകം ചെയ്യുന്നതില്‍ പ്രയാസം ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ചാണ് ഉപഭോക്താക്കള്‍ ഇവക്ക് മുൻഗണന നല്‍കാത്തത്.
ഇന്ത്യയിലെ കാലാവസ്ഥാ പ്രശ്നങ്ങള്‍ കാരണം ഇന്ത്യൻ വിപണിയില്‍ ഉള്ളിക്ക് ക്ഷാമം അനുഭവപ്പെട്ടിരുന്നതായും അത് ഇന്ത്യയില്‍ ഉള്ളി വില വര്‍ധിക്കാൻ കാരണമായതായും നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ ഹാരിസ് പാലോള്ളതില്‍ ‘ഗള്‍ഫ് മാധ്യമ’ ത്തോടെ പറഞ്ഞു. ഉള്ളി വില പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി കയറ്റു മതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 40 ശതമാനം കയറ്റു മതി നികുതി ചുമത്തികൊണ്ടാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതോടൊപ്പം ഗുണ നിലവാരമുള്ള ഉളളികള്‍ ലഭിക്കാത്തതും കാരണം കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഇന്ത്യയില്‍ നിന്നുള്ള ഉള്ളികള്‍ വിപണിയില്‍ കാര്യമായി ഉണ്ടായിരുന്നുമില്ല. ഇതോടെ കഴിഞ്ഞ രണ്ട് മാസമായി ചൈന, തുര്‍ക്കിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഉള്ളിയാണ് വിപണിയിലുണ്ടായിരുന്നത്. എന്നാല്‍, മൂന്ന് ദിവസം മുമ്ബ് പാകിസ്താൻ ഉളളി വിപണിയിലെത്തിയിരുന്നു. എന്നാല്‍, ഇത് ആദ്യ വിള ആയതിനാല്‍ ചെറിയ ഉള്ളികളാണ്. ഇന്ത്യൻ ഉള്ളി വിപണിയിലെത്തുന്നയോടെ വില കുറയുമെന്നും അദ്ദേഹം പറഞ്ഞു.