ബ്രിക്സിൽ പൂർണ അംഗത്വം സ്വീകരിച്ച് ഇൻഡോനേഷ്യ:ഔദ്യോഗികമായി പ്രഖ്യാപിച്ച് ബ്രസീല്‍
ഏഷ്യയുടെ മേധാവിത്വത്തിലുള്ള ബ്രിക്സിലേയ്ക്ക് കൂടുതല്‍ രാജ്യങ്ങള്‍ അംഗത്വം നേടുന്നു. ഏറ്റവും ഒടുവില്‍ ഇന്തോനേഷ്യയാണ് ഇപ്പോള്‍ ബ്രിക്സില്‍ അംഗത്വം നേടിയിരിക്കുന്നത്.നിലവില്‍ ഗ്രൂപ്പിന്റെ റൊട്ടേറ്റിംഗ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ബ്രസീല്‍ ആണ് ഇന്തോനേഷ്യ ഔദ്യോഗികമായി ബ്രിക്സില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.ഇൻഡോനേഷ്യൻ വിദേശകാര്യ മന്ത്രാലയം വാർത്തയെ സ്വാഗതം ചെയ്തു. 2025ൽ ബ്രിക്സ് ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് ബ്രസീലാണ് .
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് 2009-ല്‍ ബ്രിക്സ് സ്ഥാപിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയും ചേര്‍ന്നു. പരസ്പര നിക്ഷേപത്തിനും തുടര്‍ന്നുള്ള സാമ്ബത്തിക സ്ഥിരതയ്ക്കുമുള്ള ഒരു വേദിയായാണ് ഗ്രൂപ്പിനെ ആദ്യം വിഭാവനം ചെയ്തതെങ്കിലും, പിന്നീട് അത് സുരക്ഷാ കാര്യങ്ങള്‍ ഉള്‍പ്പെടെ വിശാലമായ അജണ്ടയുള്ള ഒരു ഗ്രൂപ്പായി പരിണമിച്ചു.
ഇന്തോനേഷ്യയുടെ അംഗത്വം 2023-ല്‍ ബ്രിക്സ് നേതാക്കള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് 270 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്തോനേഷ്യ ഗ്രൂപ്പില്‍ ചേരാന്‍ തീരുമാനിച്ചത്. മറ്റു വികസ്വര രാജ്യങ്ങളുമായുള്ള സഹകരണവും പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള മാർഗമായി അംഗത്വത്തെ ഇൻഡോനേഷ്യ വിശേഷിപ്പിച്ചു.ആഗോള രാജ്യങ്ങളുടെ നവീകരണത്തിനെ പിന്തുണയ്ക്കുമെന്നും കൂടാതെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കുമെന്നും ഇന്തോനേഷ്യ അറിയിച്ചതായി ബ്രസീല്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം, ഇറാന്, ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയെ സ്ഥിര അംഗങ്ങളായി ഉള്‍പ്പെടുത്തി ബ്രിക്സ് സഖ്യം വിപുലീകരിച്ചിരുന്നു. അതേസമയം, ബെലാറസ്, ബൊളീവിയ, കസാഖ്സ്ഥാന്, തായ്ലന്ഡ്, ക്യൂബ, ഉഗാണ്ട, മലേഷ്യ, ഉസ്ബെക്കിസ്ഥാന് എന്നീ രാജ്യങ്ങള്‍ ഈ വര്‍ഷം ബ്രിക്സില്‍ ചേരുമെന്നും ബ്രസീല്‍ പ്രതിനിധി അറിയിച്ചിട്ടു.
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നാലാമത്തെ രാജ്യമാണ് ഇൻഡോനേഷ്യ.2023ൽ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഇൻഡോനേഷ്യയുടെ അംഗത്വത്തിന് മറ്റ് അംഗരാജ്യങ്ങൾ ഏകകണ്ഠമായി അംഗീകാരം നൽകിയിരുന്നു. എന്നാൽ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് ഇൻഡോനേഷ്യ അറിയിക്കുകയായിരുന്നു. തുടർന്ന് ഒക്ടോബറിൽ പ്രബോവോ സുബിയാന്റോ പ്രസിഡന്റായി അധികാരമേറ്റു. ബ്രിക്സ് സമീപ വർഷങ്ങളിൽ തങ്ങളുടെ അംഗത്വം വിപുലീകരിക്കുകയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇന്തോനേഷ്യയുടെ അംഗത്വം പ്രത്യേകിച്ചും പ്രധാനമാണ്. ബ്രിക്സിലെ ഒരു പ്രധാന അംഗമെന്ന നിലയിൽ, ദക്ഷിണ-തെക്ക് സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകൾക്കിടയിൽ രാഷ്ട്രീയവും സാമ്പത്തികവുമായ സഹകരണം വർദ്ധിപ്പിക്കുന്നതിനും പാശ്ചാത്യ ആധിപത്യമുള്ള ആഗോള സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ഗ്രൂപ്പിൻ്റെ ശ്രമങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകി. ആഗോള വ്യാപാരം, സുരക്ഷ, ഭൗമരാഷ്ട്രീയം എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്ന പ്രദേശമായ തെക്കുകിഴക്കൻ ഏഷ്യയുമായി കൂടുതൽ ശക്തമായ ബന്ധം കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ കഴിവ് വർധിപ്പിക്കാൻ ഇന്തോനേഷ്യയുടെ കൂട്ടായ്മ സഹായകമാകുന്നു.