നാമജപ യാത്രക്കെതിരായ പൊലീസ് കേസ്; എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്
മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തതില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും.
സ്പീക്കറുടെ മിത്ത് പരാമര്‍ശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുവെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതല്‍ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസം ഉണ്ടാക്കിയതിനുമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. യാത്രയ്ക്ക് നേതൃത്വം നല്കിയ എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കുമെതിരെയാണ് കേസെടുത്തത്.
നാമജപ യാത്രക്കെതിരെ കേസെടുത്ത നടപടിയില്‍ ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആര്‍എസ്എസ് – വിഎച്ച്പി നേതാക്കള്‍ എൻഎസ്എസ് ജനറല്‍ സെക്രട്ടറിയെ കണ്ട് പിന്തുണ അറിയിക്കുകയും ചെയ്തു.