ഉത്തര്‍ പ്രദേശില്‍ സിആര്‍പിഎഫ് ജവാനെ ക്രൂരമായി മർദ്ദിച്ച് കന്‍വാരികള്‍
കൂട്ടത്തിൽ ഒരാൾക്കൊക്കെ വിവരമില്ലായ്മയാകാം ,കൂട്ടത്തോടെ വിവരമില്ലാത്ത ആയാലോ ?

ഉത്തര്‍ പ്രദേശില്‍ സിആര്‍പിഎഫ് ജവാന് ക്രൂര മര്‍ദനം. മിര്‍സാപൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് കന്‍വാര്‍ തീര്‍ഥാടകരാണ് ജവാനെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തത്. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് മര്‍ദനത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദമായിരിക്കുകയാണ്. ശിവ ഭക്തരാണ് കന്‍വാരികള്‍.
റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധം ഉയരുകയും പോലീസ് ഇടപെടും ചെയ്തു . തീര്‍ഥാടകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കാവി വസ്ത്രം ധരിച്ച കന്‍വാര്‍ തീര്‍ഥാടകര്‍ സിആര്‍പിഎഫ് ജവാനെ മര്‍ദിക്കുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമായി കാണുന്നുണ്ട്. ഒരാള്‍ തടയാന്‍ ശ്രമിക്കുന്നതും മറ്റുള്ളവര്‍ നോക്കി നില്ക്കുന്നതും വീഡിയോയില്‍ കാണാം.
ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സംഭവത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ജവാനും സംഭവസ്ഥലത്തുണ്ടായിരുന്നവരും വിവരങ്ങള്‍ കൈമാറി. തുടര്‍ന്നാണ് കന്‍വാര്‍ തീര്‍ഥാടകര്‍ക്കെതിരെ കേസെടുത്തത്. ഏഴ് പേരെ അറസ്റ്റ് ചെയ്തുവെന്ന് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ചമന്‍ സിങ് തോമര്‍ പറഞ്ഞു. ആദ്യം മര്‍ദ്ദനമേറ്റ് ജവാന് വീഴുന്നത് വീഡിയോയിലുണ്ട്. എഴുന്നേല്ക്കാന് ഒരാള്‍ സഹായിച്ചു. ഇതിന് ശേഷവും ജവാനെ ചവിട്ടുകയും അടിക്കുകയും ചെയ്തു.
ഗംഗാ നദിയില്‍ നിന്ന് വെള്ളവുമായി ശിവക്ഷേത്രത്തിലേക്ക് പോകുന്ന ചടങ്ങാണ് കന്‍വാര്‍ യാത്ര. ജൂലൈ 11 മുതല്‍ 23 വരെ നടക്കുന്ന തീര്‍ഥാടനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്. ഹിന്ദു വിശ്വാസ പ്രകാരം ശ്രാവണ്‍ മാസത്തിലാണ് ഈ തീര്‍ഥാടനം. ഉത്തര്‍ പ്രദേശിലെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു എന്നാണ് വീഡിയോ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.
കന്‍വാര്‍ തീര്‍ഥാടകര്‍ അക്രമം നടത്തിയ വാര്‍ത്തകള്‍ നേരത്തെയുമുണ്ടായിരുന്നു. മീരാപൂര് ഹൈവേയില്‍ കടയുടമയുടെ പേര് പരസ്യപ്പെടുത്തിയില്ല എന്നാരോപിച്ച് ഇവര്‍ കഴിഞ്ഞ ദിവസം കടകള്‍ തകര്‍ത്തിരുന്നു. ഭക്ഷണം കഴിച്ചിറങ്ങിയ ശേഷമായിരുന്നു മര്‍ദനം. ഉള്ളി ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കി എന്നു പറഞ്ഞാണ് മുസഫര്‍നഗറിലെ മറ്റൊരു കട തകര്‍ത്തത്. കന്‍വാര്‍ തീര്‍ഥാടന വേളയില്‍ കടയുടമകളുടെ പേര് പര്യപ്പെടുത്തണം എന്ന് കഴിഞ്ഞ വര്‍ഷം ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ ഉത്തരവിട്ടതും വിവാദമായിരുന്നു.