വേദനയും വിഷമവും പറഞ്ഞ് ദീപു വിവാഹം കഴിച്ചത് നാലുപേരെ, കയ്യോടെ പൊക്കി ഭാര്യമാർ

ഒറ്റപ്പെടുന്നതിന്റെ വേദനയും തന്റെ വിഷമവും പറഞ്ഞ് ദീപു വിവാഹം കഴിച്ചത് നാലുപേരെ. ഒറ്റപ്പെടലിന്റെ വേദന പറഞ്ഞുള്ള ദീപുവിന്റെ നീക്കം പക്ഷേ ഭാര്യമാർ തന്നെ കയ്യോടെ പൊക്കി. രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫേസ്ബുക്ക് ഫ്രണ്ടായതോടെയാണ് കള്ളിവെളിച്ചത്തായത്. ഇതോടെ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി, കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്ലാറ്റിൽ താമസിക്കുന്ന ദീപു ഫിലിപ്പി(36)നെയാണ് കോന്നി പൊലീസ് പിടികൂടിയത്.
താൻ അനാഥനാണെന്നും വിവാഹം കഴിച്ചാൽ ഒറ്റപ്പെടുന്നതിന്റെ വേദന മാറുമെന്നുമുള്ള സങ്കടം പറഞ്ഞാണ് ദീപു യുവതികളുമായി അടുക്കുന്നത്. ഇത് മുതലാക്കി കല്യാണം കഴിക്കും. തുടർന്ന് അടുത്ത ഇരയെ തേടിയിറങ്ങും. 10 കൊല്ലം മുമ്പാണ് കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ ദീപു കല്യാണം കഴിച്ചത്. ഇതായിരുന്നു തുടക്കം.
ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. തുടർന്ന് സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ദീപു മുങ്ങി. പിന്നീട് കാസർകോട്ടുള്ള മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്ക് കടക്കുകയും അവിടെ കുറേക്കാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിടുകയും ചെയ്തു. പിന്നീട് എറണാകുളത്തെത്തി മറ്റൊരു സ്ത്രീയുമായി അടുത്തു. കുറച്ചുനാൾ അവരുമൊത്ത് കഴിഞ്ഞപ്പോഴാണ് ഫേസ്ബുക്കിലൂടെ ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ടത്. വിവാഹമോചിതയായ ഇവരായി അടുത്ത ഇര. കല്യാണം കഴിച്ചു.
അങ്ങനെയിരിക്കെ അപ്രതീക്ഷിതമായാണ്, രണ്ടാമത്തെ ഭാര്യ ദീപുവിന്റെ നിലവിലെ ഭാര്യയായ ആലപ്പുഴ സ്വദേശിനിയുടെ ഫേസ്ബുക്ക് സുഹൃത്തായത്. അപ്പോഴാണ് തന്റെ മുൻ ഭർത്താവിനൊപ്പമുള്ള ഇവരുടെ ചിത്രം യുവതി കണ്ടത്.
ഇതോടെ രണ്ടാം ഭാര്യ ദീപുവിന്റെ കള്ളക്കളികൾ ആലപ്പുഴ സ്വദേശിനിക്ക് വിശദീകരിച്ചുകൊടുത്തു. മുമ്പ് ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ ദീപുവിന് ഇൻഷുറൻസ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയപ്പോൾ തന്നോടുള്ള താത്പര്യം കുറഞ്ഞതായും ഉപേക്ഷിച്ചുകടക്കാൻ പോകുന്നുവെന്നും ഇതിനിടെ ആലപ്പുഴ സ്വദേശിനിക്ക് തോന്നിയിരുന്നു. തുടർന്നാണ് ഇവർ പരാതിയുമായി കോന്നി പൊലീസിനെ സമീപിച്ചത്. കാസർകോട്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ യുവതിയെ എത്തിച്ച് ഇയാൾ ബലാത്സംഗം ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ തിങ്കളാഴ്ച പുലർച്ചെ പൊലീസ് ഇൻസ്പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ദീപുവിനെ പിടികൂടുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.