കാന്തല്ലൂരിൽ ഓണത്തോടനുബന്ധിച്ച് വിളവെടുക്കാനൊരുങ്ങി വെളുത്തുള്ളി

ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂർ, വട്ടവട മേഖലയിൽ ഓണത്തോടനുബന്ധിച്ച് വിളവെടുക്കാവുന്ന തരത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്തിരിക്കുന്നത് വെളുത്തുള്ളിയാണ്. കാന്തലൂർ മേഖലയിൽ പെരുമല, പുത്തൂർ, ഗുഹനാഥപുരം, കുളച്ചിവയൽ, കീഴാന്തൂർ, കാന്തല്ലൂർ എന്നീ ഗ്രാമങ്ങളിലെ കർഷകരാണ് ഇരുനൂറിലധികം പാടത്ത് വെളുത്തുള്ളി കൃഷി ചെയ്തിരിക്കുന്നത്.വട്ടവട പഞ്ചായത്തിലെ വട്ടവട, കോവിലൂർ, കൊട്ടാക്കമ്പൂർ, ചിലന്തിയാർ, പഴത്തോട്ടം, ഊർക്കാട് എന്നീ പ്രദേശങ്ങളിലും രണ്ടുമാസം മുൻപു ചെയ്ത കൃഷി നിലവിൽ പരിപാലനത്തിലാണ്.
ഇനി ഒരു മാസം കൊണ്ട് പൂർണമായും വിളവെടുക്കാം. ചില പാടങ്ങളിൽ മുൻകൂട്ടി കൃഷി ഇറക്കിയവർ ഒരാഴ്ചയ്ക്കുള്ളിൽ വിളവെടുപ്പ് തുടങ്ങുമെന്നും കർഷകർ പറഞ്ഞു. വെളുത്തുള്ളി കൃഷി കൊണ്ട് പച്ചപ്പണിഞ്ഞു നിൽക്കുകയാണ് ഇവിടത്തെ പാടങ്ങൾ. കഴിഞ്ഞ സീസണിൽ ഒരു കിലോഗ്രാം വെളുത്തുള്ളിക്ക് 150 മുതൽ 250 രൂപ വരെ ലഭിച്ചിരുന്നു.
എന്നാൽ ഈ സീസണിൽ 200 മുതൽ 400 രൂപ വരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്ന വെളുത്തുള്ളിയെക്കാൾ ഏറെ ഗുണമേന്മയുള്ളതും പരമ്പരാഗത രീതിയിൽ കൃഷി ചെയ്തുവരുന്നതുമായ ഈ വെളുത്തുള്ളിക്കു ഭൗമസൂചിക പദവിയും ലഭിച്ചിട്ടുണ്ട്. കേരളത്തിൽതന്നെ വെളുത്തുള്ളി കൃഷിചെയ്യുന്നത് കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിൽ മാത്രമാണ്. മറയൂർ മലനിരകളിൽ ഭാഗികമായി വെളുത്തുള്ളി കൃഷി ചെയ്തുവരുന്നുണ്ട്.