ഇന്ത്യ മാറ്റി ‘ഭാരത’മെന്നാക്കണം ; ഹർജി മാർച്ച് 12-ന് കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി മാറ്റി

ഭരണഘടന ഭേദഗതി ചെയ്യണമെന്നും ഇന്ത്യ എന്നതിന് പകരം ‘ഭാരതം’ അല്ലെങ്കിൽ ‘ഹിന്ദുസ്ഥാൻ’ എന്ന് മാറ്റാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാർ അഭിഭാഷകന് കൂടുതൽ സമയം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ഫെബ്രുവരി 4-ന് ജസ്റ്റിസ് സച്ചിൻ ദത്തയുടെ മുമ്പാകെ വാദത്തിനെത്തിയ ഹർജി മാർച്ച് 12-ന് കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി മാറ്റിവെച്ചു . വിഷയത്തിൽ നിലപാട് പറയാൻ കേന്ദ്രത്തിൻ്റെ അഭിഭാഷകർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി മാറ്റി വെച്ചത് .ഭരണഘടന ഭേദഗതി ചെയ്യാനും ഇന്ത്യ എന്നതിന് പകരം ‘ഭാരതം’ അല്ലെങ്കിൽ ‘ഹിന്ദുസ്ഥാൻ’ എന്ന് മാറ്റാൻ കേന്ദ്രത്തോട് നിർദേശിക്കാനും ആവശ്യപ്പെട്ട് ഹർജിക്കാരൻ ആദ്യം സുപ്രീം കോടതിയെയാണ് സമീപിച്ചത്. ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ഹർജിയിലെ ആവശ്യം പരിഗണിക്കണമെന്ന് നിർദ്ദേശിച്ച് 2020-ൽ സുപ്രീം കോടതി കേസ് തീർപ്പാക്കുകയായിരുന്നു.
എന്നാൽ സുപ്രീം കോടതി നിർദ്ദേശം ബന്ധപ്പെട്ട മന്ത്രാലയങ്ങൾ പരിഗണിക്കാത്ത സാഹചര്യത്തിൽ ഇത് സംബന്ധിച്ച് അധികാരികൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരനായ നമഹ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
“സുപ്രീം കോടതിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനത്തെക്കുറിച്ച് എതിർകക്ഷികളിൽ നിന്ന് ഒരു അപ്ഡേറ്റും ഇല്ലാത്തതിനാൽ കോടതിയെ സമീപിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല” എന്ന് ചൂണ്ടിക്കാണിച്ചാണ് നമഹ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.