ഹമാസ് ബന്ദികളോട് കാണിച്ചത് അസാധാരണമായ മനുഷ്യത്വം; ഇസ്രായേൽ പെരുമാറിയത് അതിക്രൂരമായി !
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസും ഇസ്രായേലും ബന്ദികളെ വിട്ടയച്ചതിന് പിന്നാലെ ഇരുവിഭാഗവും തടവിലാക്കിയവരോട് പെരുമാറിയ രീതി ചർച്ചയാകുകയാണ്. അസാധാരണമായ മനുഷ്യത്വവും ദയാവായ്പുമാണ് ഹമാസ് കാണിച്ചതെന്നാണ് മോചിതയായ ഇസ്രായേൽ പൗര ഡാനിയേല അലോണി പറയുന്നത്. തന്റെ മകൾ എമിലിയയോട് അവർ കാണിച്ച സ്നേഹവായ്പുകൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഹമാസ് പോരാളികളെയും അൽ ഖസ്സാം ബ്രിഗേഡ് നേതൃത്വത്തെയും പ്രകീർത്തിച്ച് ഹീബ്രു ഭാഷയിൽ ഇവർ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായി.താൽക്കാലിക വെടിനിർത്തൽ കരാറിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് 13 ബന്ദികളെ ഹമാസ് വിട്ടയച്ചത്. ഹമാസ് പോരാളികളെ കൈവീശി അഭിവാദ്യം ചെയ്ത് റെഡ്ക്രോസ് പ്രവർത്തകർക്കൊപ്പം പോകുന്ന ഇസ്രായേൽ പൗരൻമാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പുഞ്ചിരിയോടെ യാത്ര പറഞ്ഞാണ് പലരും റെഡ്ക്രോസ് വാഹനത്തിൽ നാട്ടിലേക്ക് മടങ്ങിയത്.ഭക്ഷണത്തിന്റെയും മറ്റു സൗകര്യങ്ങളുടെയും അപര്യാപ്തത തടവിൽ കഴിഞ്ഞപ്പോൾ നേരിടേണ്ടിവന്നിരുന്നുവെന്ന് ചില ഇസ്രായേലി തടവുകാർ പറഞ്ഞിരുന്നു. എന്നാൽ ഹമാസ് പോരാളികൾ തങ്ങളോട് മാന്യമായാണ് പെരുമാറിയതെന്നാണ് ബന്ദികളെല്ലാം പറഞ്ഞത്. ഹമാസ് പോരാളികളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിൽ മോശം സമീപനമുണ്ടായതായി ഒരാൾ പോലും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.എന്നാൽ മറുഭാഗത്ത് ക്രൂരമായ പീഡനമാണ് ഇസ്രായേൽ തടവിൽ നേരിട്ടതെന്നാണ് മോചിതരായ ഫലസ്തീൻ തടവുകാർ പറയുന്നത്. കുട്ടികളോടും സ്ത്രീകളോടും പോലും ക്രൂരമായാണ് ഇസ്രായേലി സൈന്യം പെരുമാറിയതെന്ന് കഴിഞ്ഞ ദിവസം മോചിതനായ 18 കാരനായ ഖലീൽ മുഹമ്മദ് പറയുന്നു. ക്രൂരമായ മർദനത്തിൽ വാരിയെല്ലുകൾ തകർന്ന രണ്ട് കൗമാരക്കാരെ ഓഫർ ജയിലിൽനിന്ന് മാറ്റി. അവർക്ക് അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും ഖലീൽ മുഹമ്മദ് പറഞ്ഞു. വിവരിക്കാൻ പറ്റാത്ത പീഡനങ്ങളാണ് ജയിലിൽ നേരിട്ടതെന്ന് മറ്റൊരു കൗമാരക്കാരൻ പറയുന്നു.മതിയായ ഭക്ഷണവും വെള്ളവും പോലും ലഭിച്ചില്ല. മോചിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ഇസ്രായേൽ പട്ടാളക്കാർ തല കുനിച്ച് നിൽക്കാൻ ആവശ്യപ്പെടുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്നും അവർ പറയുന്നു. അബു അസ്സാബ് എന്ന തടവുകാരനെ അവർ മർദിച്ച് കൊലപ്പെടുത്തി. അവനെ ക്രൂരമായി മർദിക്കുന്നത് കണ്ട് ഞങ്ങൾ സഹായത്തിനായി കരഞ്ഞു. മർദനമേറ്റ് അർധബോധാവസ്ഥയിലായ അവനെ പരിശോധിക്കാൻ ഒരു മണിക്കൂർ കഴിഞ്ഞാണ് ഡോക്ടർ വന്നത്. അപ്പോഴേക്കും അവൻ മരിച്ചിരുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചില്ലേ എന്ന ഒറ്റ ചോദ്യം വാർഡനോട് ചോദിച്ചതിനാണ് അവനെ കൊലപ്പെടുത്തിയതെന്നും അവർ പറയുന്നു.ഇസ്രായേൽ ജയിലിൽ നാല് ഫലസ്തീൻ തടവുകാർ മർദനമേറ്റു മരിച്ചെന്ന് 16 കാരൻ പറഞ്ഞു. മർദനമേറ്റ് തന്റെ വെള്ള വസ്ത്രങ്ങൾ ചുവപ്പായി മാറിയെന്നും അവൻ പറഞ്ഞു. വളരെ കുറഞ്ഞ ഭക്ഷണം മാത്രമാണ് ലഭിച്ചത്. അത് ഭക്ഷ്യയോഗ്യമല്ലാത്ത വിധത്തിൽ വൃത്തിഹീനമായിരുന്നുവെന്നും അവൻ പറഞ്ഞു.പലപ്പോഴും ക്രൂരമായി മർദിച്ചു. ഏകാന്ത തടവിൽ പാർപ്പിച്ച് വാതകപ്രയോഗം നടത്തി ശ്വാസം മുട്ടിച്ചു. തങ്ങൾക്ക് എന്തും ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും മുകളിൽനിന്ന് അതിനുള്ള നിർദേശം ലഭിച്ചിട്ടുണ്ടെന്നുമാണ് ജയിലർമാർ പറഞ്ഞത്. 80 വനിതാ തടവുകാർക്കായി 10 പേർക്കുള്ള ഭക്ഷണം മാത്രമാണ് അനുവദിച്ചതെന്നും അവർ പറഞ്ഞു.60 ശതമാനത്തോളം പൊള്ളലേറ്റിട്ടും മതിയായ ചികിത്സ പോലും ലഭിക്കാതെ ജയിലിൽ കഴിയേണ്ടിവന്ന ഇസ്ര ജാബിസ് ഇസ്രായേൽ ക്രൂരതയുടെ മറ്റൊരു മുഖമാണ്. വീട്ടുസാധനങ്ങളുമായി കാറിൽ പോകുമ്പോൾ തീപ്പിടിച്ചാണ് ഇസ്രക്ക് പരിക്കേറ്റത്. സ്ഫോടനം നടത്തിയെന്നാരോപിച്ച് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്ത ഇസ്രയെ 15 വർഷം തടവിന് ശിക്ഷിച്ചു. മാരകമായി പൊള്ളലേറ്റ് വിരലുകൾ ഉരുകിപ്പോയ ഇസ്രക്ക് വേദനസംഹാരികൾ മാത്രം നൽകിയാണ് ജയിലിൽ പാർപ്പിച്ചത്.