കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇനി മുതൽ ഒന്നാം തിയതി

കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തിയതി ശമ്പളം നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. വരുമാനത്തിന്റെ അഞ്ച് ശതമാനം പെൻഷനായി മാറ്റിവെക്കും. സർക്കാർ സഹായം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
എസ്ബിഐയിൽ നിന്നും നൂറ് കോടി ഓവർ ഡ്രാഫ്റ്റ് എടുക്കും. ഇത് പിന്നീട് തിരിച്ചടയ്ക്കും. ഈ രീതിയിൽ എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നൽകാനാകും. രണ്ട് മാസത്തിനകം പെൻഷൻ കൃത്യമായി നൽകാനാകും. പിഎഫ് തുകയും കൃത്യമായി കൊണ്ടുവരികയാണ്. കെഎസ്ആർടിസിക്ക് ഇനി എസ്ബിഐയിൽ മാത്രമായിരിക്കും അക്കൗണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
ശമ്പളം കൂട്ടി നൽകണമെന്ന് പറഞ്ഞ് സമരം ചെയ്യാൻ ഇറങ്ങരുത് എന്നും മന്ത്രി ആവശ്യപ്പെട്ടു. പരാതികൾ പറയാൻ 149 എന്ന നമ്പറിൽ വിളിക്കാം. ഇത് ഉടനെ പ്രാബല്യത്തിൽ വരും. 143 പുതിയ ബസുകൾക്ക് ഓർഡർ കൊടുത്തിട്ടുണ്ടെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.