പറവൂരിലെ സന്ധ്യക്ക് ലുലു ഗ്രൂപ്പിന്റെ സഹായം; കടബാധ്യത ഏറ്റെടുക്കുമെന്ന് എം.എ. യൂസഫലി
കടബാധ്യതയെ തുടർന്ന് സ്വകാര്യധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായ അമ്മയ്ക്കും മക്കള്ക്കും കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.
ലൈഫ് മിഷൻ പദ്ധതിയില് ലഭിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കുന്നതിനായാണ് പറവൂർ സ്വദേശിനി സന്ധ്യ മണപ്പുറം ഫിനാൻസില് നിന്ന് വായ്പയെടുത്തത്. എന്നാല്, തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനം ജപ്തി നടപടികള് സ്വീകരിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സന്ധ്യയും മക്കളും വീട്ടില് കയറാനാവാതെ പുറത്തുനില്ക്കുന്നത് വാർത്തകളില് നിറഞ്ഞതോടെയാണ് യൂസഫലി ധനസഹായവുമായി രംഗത്തെത്തിയത്. സന്ധ്യ, മണപ്പുറം ഫിനാൻസിന് നല്കാനുള്ള മുഴുവൻ തുകയും ലുലു ഗ്രൂപ്പ് അടയ്ക്കുമെന്നാണ് യൂസഫലി അറിയിച്ചിരിക്കുന്നത്. ഇക്കാര്യം യൂസഫലി നേരിട്ട് സന്ധ്യയെ അറിയിച്ചതായാണ് റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉള്പ്പെടെയുള്ളവർ ഈ വിഷയത്തില് ഇടപെട്ടിരുന്നു.
വീട് പണി പൂർത്തിയാക്കുന്നതിനായി എടുത്ത വായ്പയാണ് പലിശ ഉള്പ്പെടെ എട്ട് ലക്ഷം രൂപയായി പെരുകിയത്. രണ്ട് വർഷം മുമ്ബ് ഭർത്താവ് ഉപേക്ഷിച്ച് പോയ സന്ധ്യ രണ്ട് മക്കളുമായി താമസിച്ചിരുന്ന വീടാണ് ജപ്തി ഭീഷണി നേരിട്ടത്. പ്രതിമാസം ഒമ്ബതിനായിരം രൂപയായിരുന്നു ഈ കുടുംബത്തിന്റെ വരുമാനം. എന്നാല്, വായ്പയുടെ തിരിച്ചടവ് മാത്രം 8000 രൂപയായതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. ഈ വായ്പ ഉള്പ്പെടെ 12 ലക്ഷം രൂപയുടെ ബാധ്യതയാണ് സന്ധ്യയ്ക്കുള്ളത്.