മലയാള ചാനൽ യുദ്ധത്തിൽ നാലാം സ്ഥാനത്തിനായി ആവേശപ്പോരാട്ടം; മനോരമക്കും മാതൃഭൂമിക്കും വെല്ലുവിളിയുമായി ന്യൂസ് മലയാളം 24 X 7

കേരളത്തിലെ ചാനൽ യുദ്ധത്തിൽ മുന്നേറ്റം തുടരുകയാണ് ഏഷ്യാനെറ്റ്. പുതിയ ബാർക്ക് റേറ്റിങ്ങിലും ഏഷ്യാനെറ്റ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ബാർക്ക് റേറ്റിങ്ങിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി തുടരുന്നത് റിപ്പോർട്ടർ ചാനലാണ്.
പക്ഷെ ഏറെ നാളുകളായി രണ്ടാം സ്ഥാനത്താണെങ്കിലും, അത് അംഗീകരിക്കാൻ ചാനൽ തയ്യാറാവുന്നില്ല. ഇപ്പോളും നമ്പർ വൺ എന്ന ഡിസ്പ്ലെയുമായാണ് ചാനൽ ഓടുന്നത്.
മുപ്പത്തിയേഴാം ആഴ്ചയിലെ മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിംഗ് ചാർട്ട് പുറത്തുവന്നപ്പോൾ ഒന്നാം സ്ഥാനത്തേക്കാൾ ഏറെ നാലാം സ്ഥാനത്തിനായുള്ള മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ന്യൂസ് മലയാളം 24×7 എന്നീ ചാനലുകൾ തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് ആവേശം വിതയ്ക്കുന്നത്.
35 പോയിന്റുമായി മനോരമ ന്യൂസ് ഈയാഴ്ച നാലാം സ്ഥാനം സ്വന്തമാക്കിയപ്പോൾ. ഒരു പോയിൻറ് വ്യത്യാസത്തിൽ 34 പോയിന്റുകളുമായി മാതൃഭൂമി ന്യൂസ് അഞ്ചാമതെത്തി. മലയാളത്തിലെ പുത്തൻ തലമുറ ന്യൂസ് ചാനലായ ന്യൂസ് മലയാളവും ഒരിഞ്ച് പോലും വിട്ടുകൊടുക്കാതെ, ഒരേയൊരു പോയിന്റിന്റെ വ്യത്യാസത്തിൽ, 33 പോയിന്റുമായി ഇരു ചാനലിനും വെല്ലുവിളി ഉയർത്തി ആറാം സ്ഥാനത്തുണ്ട്.
വരും ആഴ്ചകളിൽ നാലാം സ്ഥാനത്തിനുള്ള ചാനലുകളുടെ മത്സരം മുറുകും എന്ന് തന്നെയാണ് ഈ ആഴ്ചയിലെ റിസൾട്ട് നൽകുന്ന സൂചനകൾ. അടുത്ത ആഴ്ച ഈ മൂന്ന് ചാനലുകളുടെയും സ്ഥാനങ്ങൾ മാറിമറിയും എന്നും ഉറപ്പാണ്.
ഒന്നാം സ്ഥാനത്ത് പതിവുപോലെ ഈയാഴ്ചയും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഉള്ളത് അവർക്ക് 82 പോയിന്റുകളാണ് നേടാനായത്. രണ്ടാം സ്ഥാനത്തുള്ള റിപ്പോർട്ടർ ടിവിക്ക് 66 പോയിന്റുകളാണ് ഈയാഴ്ച നേടുവാൻ സാധിച്ചത്.
മൂന്നാം സ്ഥാനത്ത് ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള 24 ന്യൂസ് ആണ്. അവർക്ക് 50 പോയിന്റുകൾ ആണ് ഉള്ളത്. ആദ്യം മൂന്ന് സ്ഥാനങ്ങളിലുള്ള മൂന്ന് ചാനലുകളുടെയും സ്ഥാനങ്ങൾക്ക് വലിയ ചലന വ്യത്യാസങ്ങൾ ഒന്നും വരും ആഴ്ചയിലും ഉണ്ടാകാൻ സാധ്യത ഇല്ലെന്ന് തന്നെയാണ് വിലയിരുത്തൽ. എന്തെങ്കിലും എക്സ്ക്ലൂസീവായ വലിയ വാർത്തകൾ ഇല്ലെങ്കിൽ നിലവിലുള്ള സ്ഥിതി തുടരുവാൻ തന്നെയാണ് സാധ്യത.
ഏഴാം സ്ഥാനത്ത് ഉള്ള ജനം ടിവി ക്ക് 23 പോയിന്റുകളും എട്ടാം സ്ഥാനത്തുള്ള കൈരളി ന്യൂസിന് 16 പോയിന്റും ആണ് ഉള്ളത്. വലിയൊരു നെറ്റ് വർക്കിന്റെ ഭാഗമായിട്ടും ന്യൂസ് 18 കേരള എന്ന ചാനലിന് കേരള വിപണിയിൽ ഇനിയും വേരുറപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല. ഒരു മലയാളം ചാനൽ എന്ന ലേബലിലേക്ക് എത്താൻ കഴിയാത്ത അവർക്ക് 11 പോയിൻറ് മാത്രമാണുള്ളത്.
ഏറ്റവും ഏറ്റവും പിന്നിലായി റേറ്റിംഗ് ചാർട്ടിൽ ഇത്തവണയും തങ്ങളുടെ സ്ഥാനം ഭദ്രമാക്കാൻ മീഡിയ വണ്ണിന് കഴിഞ്ഞിട്ടുണ്ട്. വെറും 7 പോയിന്റുകൾ നേടിയാണ് അവർ തങ്ങളുടെ സ്ഥാനം നിലനിർത്തിയത്.
വാർത്താ ചാനലുകളുടെ റേറ്റിംഗ് മത്സരം പലപ്പോളും എല്ലാ മര്യാദകളെയും കടത്തിവെട്ടുന്ന തരത്തിലേക്ക് പോകാറുണ്ട്. എന്നാൽ പുതിയ ചാനലായ ന്യൂസ് മലയാളം 24 x 7 അക്കാര്യത്തിൽ പുലർത്തുന്ന മിതത്വമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. എത്ര വലിയ വർത്തയായാലും ആവേശം അതിരു കടക്കാതെ, വ്യക്തമായി അവതരിപ്പിക്കാൻ അവർ ശ്രമിക്കുന്നതും കാണാം.
rdx എന്ന പരിപാടിയിലൂടെ ഹർഷൻ, സനീഷ് എന്നിവർ നടത്തുന്ന നിലവാരമുള്ള ചർച്ചകൾ ഏതൊരു ചാനലിനും മാതൃകയാണ്. തമ്മിൽ പരിഹസിച്ച് റേറ്റിങ് കൂട്ടാൻ ശ്രമിക്കുന്ന ചാനലുകൾ അത് കണ്ടു പഠിക്കേണ്ടതാണ്.
എല്ലാ മേഖലകളിലും ആരോഗ്യകരമായ മത്സരം എല്ലായ്പ്പോഴും നല്ലതാണ്. എന്നാൽ ആദ്യത്തെ ബൈറ്റിന് വേണ്ടി, എക്സ്ക്ലൂസീവ് എന്ന് കൊടുക്കാൻ വേണ്ടി പല ചാനലുകളും മനുഷ്യത്വ രഹിതമായ കാര്യങ്ങളും ചെയ്യുന്നുണ്ട്. ആദ്യം വാർത്തകൾ എത്തിക്കുന്നതിൽ മാത്രമല്ല, കൊടുക്കുന്ന വാർത്തകൾക്ക് ഒരു നിലവാരം ഉണ്ടാകണമെന്നതാണ് ഒരു നല്ല ചാനലിന്റെ ലക്ഷ്യം.
ആക്രോശങ്ങളും അലർച്ചകളും ആളുകളെ ആകർഷിച്ചേക്കാം, എന്നാൽ അതിനു എത്രത്തോളം നിലനിൽപ്പ് ഉണ്ട് എന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതാണ്. സൗമ്യമായി വാർത്തകൾ എത്തിക്കുന്ന പുത്തൻ ചാനലായ ന്യൂസ് മലയാളം 24 x 7 ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് അഭിനന്ദനം അർഹിക്കുന്നു.