മാർക്കോയ്ക്ക് വിലക്ക് ;വയലൻസ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ലെന്ന് നിർമ്മാതാവ്

ഉണ്ണിമുകുന്ദൻ നായകനായ ‘മാർക്കോ’ സിനിമ ടിവി ചാനലുകളില്‍ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു.
എ’ സർട്ടിഫിക്കറ്റുമായി പ്രദർശനാനുമതി നല്‍കിയതിനാലാണ് തീരുമാനമെന്ന് സെൻട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) പ്രാദേശിക ഓഫിസറായ ടി നദീം തുഫൈല്‍ പ്രതികരിച്ചു. ചിത്രത്തിന് തീയറ്റർ പ്രദർശനത്തിന് സർട്ടിഫിക്കറ്റ് നല്‍കരുതെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്സി നിരസിച്ചു. റീജിയണല്‍ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രല്‍ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കില്‍ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയില്‍ ഉണ്ടെന്നായിരുന്നു വിലയിരുത്തല്‍. കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റി വേണമെങ്കില്‍ നിർമ്മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാം.
സിനിമയിലെ രംഗങ്ങള്‍ പൂർണമായി മുറിച്ചുമാറ്റിയുള്ള സെൻസറിങ് ഇപ്പോള്‍ നിലവിലില്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച് സർട്ടിഫിക്കറ്റ് നല്‍കുകയാണ് നിലവിലെ രീതി. വയലൻസ് കൂടുതലുള്ള സിനിമകള്‍ കുട്ടികള്‍ കാണാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടത് മാതാപിതാക്കളാണ്. അവർക്കാണ് പൂർണ ഉത്തരവാദിത്തം. സിനിമയുടെ സർട്ടിഫിക്കറ്റിനെ സംബന്ധിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണമെന്നും നദീം പറഞ്ഞു.
‘എ’ സർട്ടിഫിക്കറ്റുള്ള സിനിമ 18 വയസില്‍ താഴെയുള്ളവരെ കാണാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. പരാതി ലഭിച്ചാല്‍ തീയറ്ററില്‍ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാമെന്നും നദീം പറഞ്ഞു.
സംസ്ഥാനത്ത് വിദ്യാർത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും അക്രമങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ മാർക്കോ സിനിമക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് നിർമ്മാതാവ്.മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ലെന്ന് ഷരീഫ് മുഹമ്മദ് പ്രതികരിച്ചു. മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നും പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
വരാൻ ഇരിക്കുന്ന കാട്ടാളൻ എന്ന സിനിമയിലും കുറച്ചു വയലൻസ് സീനുകളുണ്ട്. മാർക്കോയിലെ അതിക്രൂര വയലൻസ് ദൃശ്യങ്ങള്‍ കഥയുടെ പൂർണ്ണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാൻ ശ്രമിക്കണം. മാർക്കോയിലെ ഗർഭിണിയുടെ സീൻ സിനിമക്ക് ആവശ്യമുള്ളതായിരുന്നു. “ഏറ്റവും വയലൻസ് ഉള്ള സിനിമ” എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്. മാർക്കോ 18+ സർട്ടിഫിക്കറ്റ് ഉള്ള സിനിമയാണ്. അത് കാണാൻ കുട്ടികള്‍ ഒരിക്കലും തിയേറ്ററില്‍ കയറരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന് എത്തിയത്. മലയാളികള്‍ക്കൊപ്പം മറുഭാഷ് പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്. തെലുങ്ക് പതിപ്പും കളക്റ്റ് ചെയ്തിരുന്നു. ഒടിടിയിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സാമ്ബത്തിക വിജയവുമാണ് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മാര്‍ക്കോ.
അതേസമയം കേരളത്തില്‍ വര്‍ധിച്ച് വരുന്ന, യുവാക്കള്‍ പ്രതികളാവുന്ന ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിനിമകള്‍ ചെലുത്തുന്ന സ്വാധീനവും ചര്‍ച്ചയായിരുന്നു. ഇത്തരം ചര്‍ച്ചകളില്‍ എടുത്ത് പറയപ്പെട്ടിരുന്ന ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സമയത്തും വയലന്‍സ് രംഗങ്ങളെ വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു.