ഇന്ന് സാർവദേശീയ തൊഴിലാളി ദിനം; മേയ് 1

ലോകമെമ്പാടുമുള്ള തൊഴിലാളികൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി നടത്തിയ സമരത്തിന്റെ പ്രതീകമാണ് മെയ് ഒന്നാം തീയതി ആചരിക്കുന്ന ലോക തൊഴിലാളി ദിനം. 1886ൽ അമേരിക്കയിലെ ചിക്കാഗോയിൽ ആഴ്ചയിൽ ആറ് ദിവസവും സാധാരണ 10 മണിക്കൂറിന് പകരം എട്ട് മണിക്കൂർ ജോലി ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ സമരത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഓർമയിലാണ് ഈ ദിനം ആചരിക്കുന്നത്.
1886 മെയ് 4-ന്, അമേരിക്കയിലെ ചിക്കാഗോയിലെ തൊഴിലാളികൾ എട്ട് മണിക്കൂർ തൊഴിൽ ദിനം ആവശ്യപ്പെട്ട് സമരം ആരംഭിച്ചു. ഈ സമരം പിന്നീട് ലോകമെമ്പാടുമുള്ള തൊഴിലാളികളെ ഐക്യപ്പെടുത്തുകയും തൊഴിലാളി അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന് പ്രചോദനം നൽകുകയും ചെയ്തു. 1889-ൽ, പാരീസിൽ ചേർന്ന രണ്ടാം അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഗ്രസ് ഓരോ വർഷവും മെയ് ഒന്ന് ലോക തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചു. 1919-ൽ, ഇന്ത്യയിൽ ആദ്യമായി മെയ് ഒന്ന് കൊൽക്കത്തയിൽ ആഘോഷിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആദ്യമായി ആചരിക്കാൻ തുടങ്ങിയത്. സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയായിരുന്നു അമേരിക്കയിലും കാനഡയിലും തൊഴിലാളി ദിനം ആചരിച്ചിരുന്നത്. അതിന് ശേഷം അമേരിക്കയിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും ഒരു സംഘം 1889ൽ മെയ് ഒന്നിന് തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനത്തിലെത്തിയത്.
ഹെയ്മാർക്കറ്റ് ലഹളയുടെ ഓർമയ്ക്കായാണ് ഈ ദിവസം തൊഴിലാളി ദിനമായി ആചരിക്കുവാനുള്ള പ്രധാന കാരണം. ഹെയ്മാർക്കറ്റ് കൂട്ടക്കൊല എന്നത് 1886 മേയ് നാലാം തിയതി അമേരിക്കയിലെ ചിക്കാഗോ നഗരത്തിൽ നടന്ന സംഘർഷങ്ങളുടെ പരിണാമമാണ്. 19-ആം നൂറ്റാണ്ടിൽ അമേരിക്കയിൽ വ്യവസായ മേഖല വളരെ വേഗത്തിൽ വളർന്നു. എന്നാൽ തൊഴിലാളികൾ ദിവസം 12 മണിക്കൂറും അതിനു മുകളിലും ജോലി ചെയ്തിരുന്നു. കൂലി വളരെ കുറവായിരുന്നു. ഇതിനെതിരെ പ്രതികരിച്ചാണ് തൊഴിലാളികൾ എട്ടുമണിക്കൂർ ജോലി സമയം ആവശ്യപ്പെട്ട് സമരം നടത്തിയത്.

സമരത്തിനിടെ പൊലീസും സമരക്കാരും തമ്മിൽ നടന്ന വെടിവെയ്പ്പിന്റെയും ബോംബ് ആക്രമണത്തിന്റെയും ഫലമായി കലാപം പൊട്ടിപ്പുറപ്പെട്ടു. ഈ സംഭവത്തിന്റെ ഫലമായി നിരപരാധികളായ തൊഴിലാളികൾ കൊല്ലപ്പെടുകയും തൊഴിലാളി പ്രസ്ഥാനങ്ങളെ അടിച്ചമർത്തുകയും ചെയ്തു. തൊഴിലാളി പ്രതിഷേധ റാലിക്കിടെ ആരോ പൊലീസിന് നേരെ ബോംബ് എറിയുകയായിരുന്നു. ഇതേ തുടർന്ന് റാലിക്കിടയിൽ വലിയ സംഘർഷമുണ്ടായി. തൊഴിലാളികളും പൊലീസും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർ മരണപ്പെടുകയുണ്ടായി.
തെളിവുകൾ ഇല്ലാതിരുന്നിട്ടും എട്ട് തൊഴിലാളികളാണ് അന്ന് ശിക്ഷിക്കപ്പെട്ടത്. എന്നാൽ ഈ സംഭവം ലോക തൊഴിലാളി ദിനം ആചരിക്കുന്നതിന് പ്രചോദനമായി മാറി. ഹേയ് മാർക്കറ്റ് കൂട്ടക്കൊല തൊഴിലാളി പ്രസ്ഥാനത്തിന് തിരിച്ചടി നൽകിയെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അത് തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്തി. എട്ടുമണിക്കൂർ ജോലിസമയം പിന്നീട് പല രാജ്യങ്ങളിലും നടപ്പാക്കി. ലോക തൊഴിലാളി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് അവകാശങ്ങൾക്കും നീതിക്കും വേണ്ടി പോരാടാനുള്ള പ്രാധാന്യമാണ്. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ നമുക്ക് മികച്ച തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കാനും എല്ലാ തൊഴിലാളികൾക്കും നീതി ഉറപ്പാക്കാനും കഴിയും.