‘കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വികസന മുരടിപ്പ്’; പ്രധാനമന്ത്രി
കർണാടകയിലെയും രാജസ്ഥാനിലെയും കോൺഗ്രസ് സർക്കാരുകളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു സംസ്ഥാനങ്ങളിലും വികസനം ഒന്നും തന്നെ നടക്കുന്നില്ലെന്നാണ് വിമർശനം. ബെംഗളൂരുവിന്റെയോ കർണാടകയുടെയോ വികസനത്തിന് തങ്ങളുടെ പക്കൽ പണമില്ലെന്ന് സംസ്ഥാന സർക്കാർ തന്നെ സമ്മതിക്കുന്നുണ്ടെന്നും, കടബാധ്യത വർധിക്കുന്ന രാജസ്ഥാനിലും സ്ഥിതി ഇതുതന്നെയാണെന്നും മോദി ആരോപിച്ചു.
മഹാരാഷ്ട്രയിലെ പൂനെയിൽ 15,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മോദി. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്. ഒരു വശത്ത്, ഒമ്പത് വർഷത്തിനുള്ളിൽ രാജ്യം കൈവരിച്ച അതിവേഗ നേട്ടങ്ങൾ കാണാൻ കഴിയും. പൂനെയിൽ നടക്കുന്ന വികസനം നോക്കൂ, മറുവശത്ത് ബെംഗളൂരുവിൽ എന്താണ് സംഭവിക്കുന്നതെന്നും മോദി ചോദിച്ചു.